ഫാന്‍സ് അസോസിയേഷനിലെ അധികാരത്തര്‍ക്കം;പുതുച്ചേരി പ്രസിഡന്‍റ്  മണികണ്ഠനെ മൂവര്‍സംഘം വെട്ടിക്കൊന്നു

ഫാന്‍സ് അസോസിയേഷനിലെ അധികാരത്തര്‍ക്കം;പുതുച്ചേരി പ്രസിഡന്‍റ്  മണികണ്ഠനെ മൂവര്‍സംഘം വെട്ടിക്കൊന്നു

തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി ഫാന്‍സ് അസോസിയേഷനിലെ അധികാരത്തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പുതുച്ചേരി ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് തര്‍ക്കവും കൊലപാതവും അരങ്ങേറിയത്. ഫാന്‍സ് അസോസിയേഷന്‍ പുതുച്ചേരി പ്രസിഡന്‍റ്  മണികണ്ഠനെയാണ് (36) മൂവര്‍സംഘം വെട്ടിക്കൊന്നത്. ഞായറാഴ്ച രാത്രിയില്‍ നെല്ലിക്കുപ്പത്തായിരുന്നു സംഭവം. സംഭവത്തില്‍ രാജശേഖര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മണികണ്ഠന് നേരെ ആക്രമണം ഉണ്ടായത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനുശേഷം അക്രമികള്‍ കടന്നുകളഞ്ഞു. പിന്നീട് പോലീസെത്തിയാണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ,ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ്  സ്ഥാനം സംബന്ധിച്ചായിരുന്നു തര്‍ക്കം. സംഘടനയില്‍ പദവി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് രാജശേഖര്‍ സ്വന്തമായി പുതിയ സംഘടനയും ഉണ്ടാക്കി. എന്നാല്‍ ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഇതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയുള്‍പ്പെടെ നടക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പലതവണ മണികണ്ഠനും രാജശേഖറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും രാജശേഖര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകമടക്കം പല കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠന്‍.