പത്ത് വര്‍ഷം ട്രംപ് നികുതിയടച്ചില്ല ; 2016ൽ അടച്ചത് 750 ഡോളര്‍

പത്ത് വര്‍ഷം  ട്രംപ് നികുതിയടച്ചില്ല ; 2016ൽ അടച്ചത് 750 ഡോളര്‍

വാഷിങ്ങ്ടണ്‍ - അമേരിക്കൻ പ്രസിഡൻ്റ്  ഡൊണാല്‍ഡ് ട്രംപ് ആദായ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായനികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇരുപതിലധികം വര്‍ഷത്തെ ടാക്സ് അടച്ച രേഖകൾ ഉദ്ധരിച്ചആണ്  ന്യൂയോര്‍ക്ക് ടൈംസിൻ്റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പത്തുവര്‍ഷം ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തത്. നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡൻ്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ റിച്ചാഡ് നിക്സന്‍ മുതലുള്ളവര്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാല്‍ തൻ്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച, ട്രംപ് ഈ സമ്പ്രദായം ലംഘിച്ചിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിൻ്റെ ആദായനികുതി തിരിമറികൾ  ചര്‍ച്ചയായിരുന്നു. ട്രംപ് രണ്ടാമൂഴം തേടുന്ന, നവമ്പറില്‍ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലും ഈ വിഷയം ചര്‍ച്ചയായേക്കും.