ഇന്ദ്രജിത്തിൻ്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ഷാജി കൈലാസിൻ്റെ മകൻ, താക്കോലിലെ ആദ്യ ഗാനം പുറത്ത്

ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന താക്കോല്‍ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത നടി മഞ്ജു വാരിയര്‍ ആണ് ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്.

നല്ലിടയാ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്  എം. ജയചന്ദ്രനാണ്. രചന റഫീഖ് അഹമ്മദ്. ഷാജി കൈലാസിൻ്റെ മകന്‍ റുഷിനാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.  ഇന്ദ്രജിത്തിൻ്റെ ചെറുപ്പമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന താക്കോല്‍ പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ ഷാജി കൈലാസ്  ആണ് നിര്‍മിക്കുന്നത്.

ഇന്ദ്രജിത്ത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദര്‍ ആംബ്രോസ് ഓച്ചമ്പള്ളിയെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു മലയോര പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മുരളി ഗോപി ഫാദര്‍ മാങ്കുന്നത്ത് പൈലി എന്ന കഥാപാത്രമായിയാണ് എത്തുന്നത്.

ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്‍, ഡോ.റോണി, മീര വാസുദേവ് തുടങ്ങിയവരാണ്  മറ്റ് താരങ്ങള്‍. ഡിസംബര്‍ ആറിന്  ചിത്രം തിയേറ്ററുകളിലെത്തും.