ജാതി- മത -ലിംഗ സ്ഥാപനങ്ങളോട് പൊരുതുന്ന പ്രണയങ്ങൾ: പാവ കഥൈകൾ

ജാതി- മത -ലിംഗ സ്ഥാപനങ്ങളോട് പൊരുതുന്ന പ്രണയങ്ങൾ: പാവ കഥൈകൾ

പ്രണയവും, പ്രണയവിവാഹങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന കോളിളക്കങ്ങളും  കൊലപാതകങ്ങളുമെല്ലാം സ്ഥിരം സിനിമകൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ദുരഭിമാനക്കൊലകളെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്നതിൽ പാവ കഥൈകൾ എന്ന് തമിഴ് ആന്തോളജി ചിത്രം വിജയിച്ചുകഴിഞ്ഞു. ഒരു വിഷയം ശ്രദ്ധിക്കപ്പെടണമെങ്കിൽ ഏറ്റവും കൃത്യതയോടെ ചുരുക്കി പറയുക എന്ന രീതിയുണ്ട്. ഈ നാല് ഹ്രസ്വ ചിത്രങ്ങളിൽ കൂടി ഒരു മുഴു നീള ഫീച്ചർ ഫിലിം പറയുന്നതിനേക്കാൾ കൂടുതൽ രാഷ്ട്രീയം, അതും വ്യത്യസ്ത തലത്തിൽ ചർച്ച ചെയ്യാൻ സംവിധായകർക്കായി.

ഒരേ സമയം മാസ് - കൊലമാസ് പടങ്ങളും. ആരാധകർക്കായുള്ള പുതിയ പരീക്ഷണങ്ങളും ഇറക്കുന്ന തമിഴ് സിനിമാലോകം സമാന്തരമായി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ശക്തമായി ആവിഷ്കരിക്കാനും മറക്കാറില്ലെന്ന് നമുക്കറിയാം. പച്ചയായ നിരവധി ആവിഷ്കാരങ്ങളുടെ ഉദാഹരണം അതിനുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതായി വിജയം കണ്ടെത്തിയ പരീക്ഷണമാണ് പാവകഥൈകൾ.

നാല് സംവിധായർ തങ്ങളുടെ നാല് ഹ്രസ്വചിത്രങ്ങളിലൂടെ വരച്ചു കാട്ടുന്നത്  പ്രതിദിനം പുരോഗതിയിലേക്ക് കുതിക്കുന്നുവെന്നും പരിഷ്കരിക്കപ്പെടുന്നുവെന്നും അഹങ്കരിക്കുന്ന നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അതിക്രൂരമായ സംവിധാനങ്ങളെയാണ്. ജാതിവ്യവസ്ഥയുടെ ഏറ്റവും നീചമായ മുഖത്തെയും, അതിന്റെ ഫലമായി നടക്കുന്ന ദുരഭിമാനക്കൊലകളെന്ന ക്രൂരവിനോദത്തെയും കൂടിയാണ്.

സുധാ കൊങ്കരയുടെ സംവിധാനത്തിൽ എത്തിയ തങ്കം , വിഘ്നേശ് ശിവ സംവിധാനം ചെയ്ത ലവ് പണ്ണ ഉട്രണം, ഗൗതം മേനോൻ സംവിധാനം ചെയ്താൽ വാൻ മകൾ, വെട്രിമാരൻ ഒരുക്കിയ ഊർ ഇരവ് എന്നീ നാല് ചിത്രങ്ങളാണ് പാവകഥൈകൾ എന്ന പേരിൽ ഇറങ്ങിയത്.ഡിസംബര്‍ പതിനെട്ടിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷരിലേക്ക് എത്തിയ ചിത്രം അഭിസംബോധന ചെയ്യുന്നത്  പ്രണയത്തിന്റെ രാഷ്ട്രീയവും, ബന്ധങ്ങളുടെ സങ്കീർണതയും, ദുരഭിമാനക്കൊലകളെയുമാണ്.

ഭരണകൂട ഭീകരത അതി ശക്തമായ. രീതിയിൽ   ഇന്നും നിലനിൽക്കുന്നത് കുടംബത്തിലാണ്. നാം എത്രയേറെ  പരിഷ്കൃതരെന്ന് വിളിച്ചാലും അടിസ്ഥാനപരമായി ആ അധികാരസ്വഭാവം ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ പ്രത്യക്ഷമാകുന്നത് പലരീതികളിലാണെന്നുമാത്രം. അത്തരം കുടംബങ്ങളിൽ, ആ കുടുംബങ്ങളുൾപ്പെടുന്ന സമൂഹത്തിൽ ജാതിമത ലിംഗ വ്യത്യാസങ്ങളോട് സ്നേഹം കൊണ്ടു പൊരുതി വിജയിച്ചവരേയും അതുപോലെ തന്നെ ദയനീയമായി പരാജപ്പെട്ടവരേയും വരച്ചുകാട്ടുകയാണ് ഈ ചിത്രങ്ങളിലൂടെ. 

എൺപതികളുടെ പശ്ചാത്തലത്തിലാണ് സുധാ കൊങ്കരയുടെ   തങ്കം ചിത്രീകരിക്കുന്നത്.  കാളിദാസ് ജയറാം, ശാന്ത്നു ഭാഗ്യരാജ്, ഭവാനി ശ്രീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സത്താർ എന്ന സ്ത്രീത്വം നിറഞ്ഞ കഥാപാത്രമായി കാളിദാസൻ തന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച്  മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് പ്രേക്ഷകർ പറയുന്നു. ലൈംഗിക ന്യാനപക്ഷങ്ങളോട് സമൂഹം സ്വീകരിച്ച ക്രൂരനിലപാടുകളും ഒപ്പം ജാതി- മത -ലിംഗ സ്ഥാപനങ്ങളോട് പൊരുതുന്ന പ്രണയത്തെയും ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.

വിഘ്നേസ് ശിവ സംവിധാനം ചെയ്ത ലൗവ് പണ്ണ ഉട്രണം എന്ന ചിത്രമാകട്ടെ മേൽപറഞ്ഞ വിഷയത്തിന് ഒരു ചെറിയ ത്രില്ലർ സ്വഭാവം കൂടി നൽകിയിരിക്കുന്നു.  അഞ്ജലി, കൽക്കി കൊച്ലിൻ, പദം കുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിൽ ഏറെ തിളങ്ങിയത് നരിക്കുട്ടി എന്ന  നെഗറ്റീവ് കഥാപാത്രമായെത്തിയ ജാഫർ സാദിഖാണ്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ആക്രമണവും. ഇരകളായ കുട്ടികളോടുള്ള യാഥാസ്ഥിതിക സമൂഹത്തിന്റെ നിലപാടും ചർച്ച ചെയ്യുകയാണ് ഗൗതം മേനോൻ വാൻ മകളിലൂടെ. ഒരുപക്ഷെ പ്രക്ഷകരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തായിരുന്നു ചിത്രം സമ്മാനിച്ച നോവെന്നു പറയാം. സമൂഹത്തെക്കുറിച്ചുള്ള ഭയം കുംടുംബാംഗങ്ങളെ എത്തിക്കുന്ന മാനസികാവസ്ഥ നിർവചിക്കാൻ പോലും ഭയപ്പെടുത്തുന്ന ഒന്നാണ്. 

വെട്രിമാരൻ ഒരുക്കിയ 'ഊർ ഇരവ്' ആണ് പാവ കഥൈഗളിൽ നാലാമതായും അവസാനത്തേതുമായി എത്തുന്നത്. പ്രകാശ് രാജ്, സായി പല്ലവി, ഹരി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. പ്രണയവിവാഹം ഒരു യാഥാസ്ഥിക സമൂഹത്തിലേൽപ്പിക്കുന്ന മുറിവും അതിലൂടെ ഉലെടുക്കുന്ന പകയും ചിത്രം തുറന്നുകാട്ടുന്നു. ദുരഭിമാനക്കൊലയുടെ അതിഭീകര മുഖം വരയ്ക്കുന്ന ചിത്രം യഥാർത്ഥ സംഭവതെ ആസ്പദമാക്കിയാണ്  ഒരുക്കിയിരിക്കുന്നത്. 

ദുരഭിമാനക്കൊല എന്ന പ്രമേയമാണ് 'പാവ കഥൈകളി'ൽ കൂടുതൽ നിഴലിക്കുന്നതെങ്കിലും അതിനൊപ്പം സ്വവർഗ്ഗ അനുരാഗം, പ്രണയം, ട്രാൻസ്ജെൻഡർ, ജാതിയും മതവും മാറിയുള്ള വിവാഹം, ജാതിപ്പോര്, റേപ്പ് തുടങ്ങിയ വിഷയങ്ങളോടുള്ള സമൂഹത്തിന്റെ വ്യത്യസ്ത സമീപനവും ചിത്രം ചർച്ചയാക്കുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊന്ന് സംഗീതമാണ്. കഥാപാത്രങ്ങളുടെ മികച്ച അവതരണം മാത്രമല്ല  തീമിന് ചേർന്ന സംഗീതവും ചിത്രങ്ങളുടെ മാറ്റ് കൂട്ടി. നാല് സംവിധായകരുടെ മികവ് മാത്രമല്ല ജസ്റ്റിൻ പ്രഭാകർ, അനിരുദ്ധ് രവിചന്ദർ, കാർത്തിക്, ആർ ശിവാത്മിക, എന്നീ സംഗീത സംവിധായകരുടെ ഈണങ്ങൾ കൂടിച്ചേർന്നപ്പോഴാണ്  ഈ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് പതിഞ്ഞത്.

ദൈർഘ്യത്തിൽ ചെറുതെങ്കിലും ആശയത്തിലും ആസ്വാദനത്തിലുംചുരുങ്ങി നിൽക്കുന്ന ചിത്രങ്ങളല്ല പാവ കഥൈകൾ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ പോരായ്മകൾ കണ്ടെത്താമെങ്കിലും ആസ്വാദകരോട് സംവദിക്കാനും ആ  കണ്ണുകളിൽ ഒരു നനവ് പടർത്താനും ഈ നാലു കഥകൾക്കും കഥാപാത്രങ്ങൾക്കും  കഴിഞ്ഞിട്ടുണ്ട്.