ഗുഹക്കുള്ളിലെ ദൈവത്തിന്‍റെ കണ്ണുകള്‍

ഗുഹക്കുള്ളിലെ ദൈവത്തിന്‍റെ കണ്ണുകള്‍

നോര്‍ത്ത് സെന്‍ട്രല്‍ ബള്‍ഗേറിയയില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത ഗുഹയായ പ്രോഹോദ്‌ന ഗുഹയ്ക്കുള്ളില്‍നിന്ന് മുകളിലേക്ക് നോക്കിയാല്‍ ദൈവത്തിന്റെ കണ്ണുകള്‍ കാണാം. ഗുഹയിലെ ഈ സവിശേഷത കാരണം ഈ ഗുഹ തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗുഹയിലെ അറയില്‍ കണ്ണിന്റെ ആകൃതിയിലുള്ള രണ്ടു ദ്വാരങ്ങളാണ് ദൈവത്തിന്റെ കണ്ണുകളെന്ന പേരില്‍ അറിയപ്പെടുന്നത്.

എന്താണ് കണ്ണുകള്‍ക്കു പിന്നിലെ രഹസ്യം...

ബള്‍ഗേറിയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പ്രോഹോദ്‌ന ഗുഹ. ഗുഹയുടെ സീലിങ്ങിലെ  ദ്വാരങ്ങളിലൂടെ പ്രകാശരശ്മികള്‍ തെളിയുന്ന അതിശയകരമായ കാഴ്ച കാരണമാണ് ഈ പേര് വന്നത്. ഗുഹയുടെ രണ്ടറ്റങ്ങളില്‍ രണ്ട് പ്രവേശന കവാടങ്ങള്‍ ഉള്ളതിനാല്‍ അതിനെ പാസേജ് കേവ് എന്നും പറയുന്നു. മണ്ണൊലിപ്പ് കാരണം സ്വാഭാവികമായി ഉണ്ടായ ഗുഹകളാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ചിലപ്പോള്‍, കരയുന്ന കണ്ണുകളെന്നതുപോലെ ഈ ദ്വാരങ്ങളില്‍നിന്നു വെള്ളം ഇറങ്ങുന്ന കാഴ്ചയും അദ്ഭുതം ജനിപ്പിക്കും.

പണ്ട് ഗുഹ മുഴുവന്‍ ഇസ്‌കര്‍ നദിയിലെ ജലം നിറഞ്ഞതായിരുന്നു. പൂര്‍വികരുടെ ആരാധനസ്ഥലമായിരുന്നു ഇതെന്നും  ചരിത്രാതീത മനുഷ്യര്‍ പ്രോഹോദ്‌ന ഗുഹയില്‍ താമസിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഗുഹ ഒരു വാസസ്ഥലമോ പുരാതന ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള സ്ഥലമോ ആയിരുന്നോ എന്നറിയാന്‍ ഇന്നും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ഇന്ന്, ഗുഹ പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ബംഗീ ജംപിങ്ങിനുള്ള ഒരു ജനപ്രിയ സൈറ്റായി ഗുഹയുടെ ബിഗ് എന്‍ട്രന്‍സ് അറിയപ്പെടുന്നു. ട്രെക്കിങ്, റോക്ക് ക്ലൈംബിങ് തുടങ്ങി നിരവധി സാഹസിക വിനോദപ്രവര്‍ത്തനങ്ങള്‍ ഗുഹയിലെത്തുന്നവര്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.