പത്തുമാസത്തിനു ശേഷം  ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായി ഇന്ന് 'മാസ്റ്റർ'

പത്തുമാസത്തിനു ശേഷം  ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായി ഇന്ന് 'മാസ്റ്റർ'

കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലെ തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ മാസ്റ്റർ ചിത്രം കഴിഞ്ഞ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു.

വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

 തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലാണ് പ്രദർശനം ആരംഭിക്കുന്നത്.

തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തിയറ്ററുകളിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു.