എല്‍ഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐ: കാനം രാജേന്ദ്രന്‍

എല്‍ഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐ: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ എല്‍ഡിഎഫിൻ്റെ പ്രധാനപ്പെട്ട ഭാഗമാണ്. മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. ചില നയപരമായ പ്രശ്നങ്ങളില്‍ ഇടതുപക്ഷ നിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നുവെന്ന് കാണുമ്പോള്‍ പരസ്യമായി എതിര്‍ക്കാറുണ്ട്. അത് ഇടതുപക്ഷത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ്, അല്ലാതെ സര്‍ക്കാരിനെതിരായ യുദ്ധ പ്രഖ്യാപനമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംരക്ഷിക്കുകയെന്ന രാഷ്ട്രീയ ചുമതലയാണ് സിപിഐ ഉയര്‍ത്തിപ്പിടിക്കുന്നത്. മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അത് പല പാര്‍ട്ടികള്‍ ആയതുകൊണ്ടാണ്. എന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിച്ച്‌ അതിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. ബിജെപിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കാനം പറഞ്ഞു.

സ്വർണ്ണക്കടത്തുകേസിൽ  എൻഐഎ അന്വേഷണം സെക്രട്ടറിയേറ്റിന് ചുറ്റും മാത്രം കറങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. സംശയത്തിൻ്റെ നിഴലിൽ സംസ്ഥാന സർക്കാരിനെ നിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ബിജെപിയോട് കൂട്ടുചേർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണ്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സിപിഐ നിർവ്വാഹക സമിതിയിൽ മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരെ വിമർശനം ഉണ്ടായിട്ടില്ല. അത് സംബന്ധിച്ച് വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്.  കേരളത്തിൻ്റെ പൊതു രാഷ്ട്രീയമാണ് ചർച്ച ചെയ്തത്. മന്ത്രിയെ ചോദ്യം ചെയ്യലിനായി ദേശീയ ഏജന്‍സി വിളിപ്പിച്ചാല്‍ മന്ത്രി പോകണ്ടേ? ഒളിച്ചുപോകേണ്ട കാര്യമില്ല. ജലീല്‍ എന്തുകൊണ്ട് അങ്ങനെ പോയെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും കാനം പറഞ്ഞു

മുന്നണിയിൽ കക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജോസ് പക്ഷം രാഷ്ട്രീയ നിലപാട് പറയുമ്പോൾ സിപിഐ നയം വ്യക്തമാക്കും.

പാര്‍ലമെൻ്ററി ജനാധിപത്യം ഇല്ലാതാക്കി തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച്‌ സ്വേച്ഛാധികാരം നടത്താന്‍ വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെഡറല്‍ സംവിധാനം ഇല്ലാതാക്കിക്കൊണ്ട് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ എല്ലാ നിയമങ്ങളും പാര്‍ലമെന്റില്‍ പാസ്സാക്കുകയാണ് കേന്ദ്രം. സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരായി രാജവ്യാപകമായി ഐക്യം വളരുമ്പോള്‍ ആ നയത്തെയാണോ ഇടതുപക്ഷത്തേയാണോ എതിര്‍ക്കേണ്ടത് എന്ന് വിശാലമായ ചിന്തയ്ക്ക് പ്രതിപക്ഷപാര്‍ട്ടികള്‍ തയ്യാറാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.