മാംസഭക്ഷണം കഴിക്കും മുന്‍പ് നാം അറിയേണ്ടത്

മാംസഭക്ഷണം കഴിക്കും മുന്‍പ് നാം അറിയേണ്ടത്

നമ്മള്‍ കഴിച്ചു കൂട്ടുന്ന മാംസ വിഭവങ്ങള്‍ രോഗകാരണമാകുമോ, ആരോഗ്യം നശിപ്പിക്കുമോ എന്നൊക്കെ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റിപ്പോര്‍ട്ടുകള്‍ സചിപ്പിക്കുന്നത് നാം ഏറ്റവുമധികം രുചിയോടെ കഴിക്കുന്ന ഇറച്ചി വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെട്ട്, രോഗങ്ങളുടെ കൂമ്പാരമായാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നതെന്നാണ്. 

ഇപ്പോള്‍ നാം കണ്ട കോവിഡില്‍ വരെ വുഹാനില്‍ നിന്നുള്ള മത്സ്യ- മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് സംശയം. ഇറച്ചിക്കായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ ചിലപ്പോള്‍ ടിബി, ആന്ത്രാക്‌സ് പോലുള്ള രോഗം ബാധിച്ചവയാകാം. മാത്രമല്ല മാംസത്തില്‍ സ്വതവേതന്നെ ചില ബാക്ടീരിയകളും വിരകളും പരാദങ്ങളും തുടങ്ങിയ രോഗാണുക്കള്‍ ഉണ്ടാകാം. അശാസ്ത്രീയമായ കശാപ്പിലൂടെ ഇവയൊക്കെ മനുഷ്യരിലേക്കു പകരാം. മാംസം കൈകാര്യം ചെയ്യുന്ന പ്രതലങ്ങള്‍, വെട്ടാനുപയോഗിക്കുന്ന കത്തി പോലുള്ള ഉപകരണങ്ങള്‍, വെള്ളം, സൂക്ഷിക്കുന്ന പാത്രം, കൊണ്ടു പോകുന്ന വാഹനങ്ങള്‍ എന്നിവ വൃത്തിയുള്ളതല്ലെങ്കിലും രോഗങ്ങള്‍ കടന്നുവരാം. 

നന്നായി വേവിക്കുന്നതോടെ രോഗാണുക്കള്‍ നശിക്കുമെന്നാണ് നമ്മളില്‍ പലരും കരുതുന്നത്. എന്നാല്‍ നന്നായി വേവിച്ചതുകൊണ്ടു മാത്രം മാംസം നൂറുശതമാനം രോഗമുക്തമായി എന്നു തീര്‍ച്ചപ്പെടുത്താനാവല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വളരെ നേരത്തെ പാചകത്തിനു ശേഷം ചില ബാക്ടീരിയകള്‍ നശിച്ചാലും അവ ഉല്‍പാദിപ്പിക്കുന്ന ടോക്‌സിനുകള്‍ മാംസത്തില്‍ അവശേഷിക്കാം. അതിനാല്‍തന്നെ പാചകം ചെയ്യുമ്പോള്‍ രോഗസാധ്യത കുറയും എന്നേ പറയാനാകൂ.