സിനിമാചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്

സിനിമാചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ 'കള' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോൾ ടൊവിനോ. ആന്തരിക രക്തസ്രാവം ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 

നിലവില്‍ ടൊവിനോ നിരീക്ഷണത്തിലാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അറിയിച്ചു. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.