കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുൻകൂട്ടി അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ബോബ് വുഡ്‌വേഡിന്‍റെ  പുസ്തകം

കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുൻകൂട്ടി അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി  ബോബ് വുഡ്‌വേഡിന്‍റെ  പുസ്തകം

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുരുക്കി അന്വേഷണാത്മക പത്രപ്രവർത്തകനായ ബോബ് വുഡ്‌വേഡിന്റെ ‘റേജ്’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തൽ. കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുൻകൂട്ടി അറിയാമായിരുന്നു. രോഗം വായുവിൽ കൂടി പകരുമെന്ന അറിവും ട്രംപ് മറച്ചുവച്ചതായും പുസ്തകത്തിൽ പറയുന്നു. രോഗം ജലദോഷം പോലെയാണെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ പരസ്യനിലപാട്. പുസ്തകം സെപ്റ്റംബർ 15ന് പുറത്തുവരും. നവംബർ 3നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ട്രംപുമായി നടത്തിയ അഭിമുഖങ്ങളുടെയും പുസ്തകത്തിന്റെ ചില ഏടുകളും വുഡ്‌വേർഡ് ചില മാധ്യമങ്ങൾക്കു നൽകിയതിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഭീതി സൃഷ്ടിക്കാതിരിക്കാൻ മഹാമാരിയുടെ യഥാർഥ വസ്തുതകൾ മറച്ചുവയ്ക്കേണ്ടിവന്നുവെന്ന് വുഡ്‌വേർഡിനോട് ട്രംപ് പറഞ്ഞതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മാർച്ചിൽ ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

കൊറോണ വൈറസ് ഫ്ലൂവിനേക്കാൾ മാരകമാണെന്നും വായുവിലൂടെ പകരുമെന്നും ട്രംപ് പറയുന്നത് ഫെബ്രുവരി ഏഴിനെടുത്ത അഭിമുഖത്തിന്റെ ഓ‍ഡിയോ ക്ലിപ്പും വാഷിങ്ടൻ പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. കോവിഡ്–19നെയും സാമ്പത്തിക പ്രശ്നങ്ങളെയും മറികടക്കുമെന്ന് ട്രംപ് പറയുന്നതായും പുസ്തകത്തിലുണ്ട്. അതേസമയം, കള്ളം പറഞ്ഞുവെന്ന ആരോപണത്തെ പ്രസിഡന്റ് ട്രംപ് പ്രതിരോധിച്ചു. ഞാൻ ഈ രാജ്യത്തെ ഇഷ്ടപ്പെടുന്നുവെന്നും ജനങ്ങളെ പരിഭ്രാന്തരാക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.