അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡൻ്റാണ് ട്രംപ് എന്ന് തിരഞ്ഞെടുപ്പ് സംവാദത്തില്‍ ബൈഡന്‍

അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡൻ്റാണ് ട്രംപ് എന്ന്  തിരഞ്ഞെടുപ്പ് സംവാദത്തില്‍ ബൈഡന്‍

 യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായ ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍. പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും എതിരാളി ജൊ ബൈഡനും തമ്മിലാണ് സംവാദം നടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറരക്ക് തുടങ്ങിയ സംവാദം എട്ട് മണിയോടെ അവസാനിച്ചു.

കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടിത്തിന് വീഴ്ച സംഭവിച്ചുവെന്ന് ജോ ബൈഡന്‍ ആരോപിച്ചു. പ്രസിഡൻ്റ് പരിഭ്രാന്തി പരത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബൈഡൻ്റെ വാദങ്ങള്‍ അംഗീകരിച്ചാല്‍ കൊവിഡ് ഒരിക്കലും  നിയന്ത്രണവിധേയമാകില്ലെന്നായിരുന്നു ട്രംപിൻ്റെ മറുപടി.

ഞങ്ങളുടെ ഏറ്റവും മോശം പ്രസിഡൻ്റാണ് താങ്കളെന്ന് ജോ ബെഡന്‍ കുറ്റപ്പെടുത്തി. അമേരിക്കയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും ജോ ബെഡന്‍ ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു.

കൊവിഡിനെ തുരത്താന്‍ സര്‍ക്കാരിന് യാതരൊരുവിധ പദ്ധതികളുമില്ലെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന് മറുപടിയുമായി , മറ്റ് രാജ്യങ്ങളെ എടുത്ത് നോക്കുകയാണെങ്കില്‍ അമേരിക്കയില്‍ മരണ സംഖ്യ കുറവാണ്.  എന്നും ഇന്ത്യയും ചൈനയും, റഷ്യയും യഥാര്‍ത്ഥ കൊവിഡ് മരണസംഖ്യ പുറത്തുവിടുന്നില്ലെന്നും ട്രംപ് പറഞ്ഞു. കൊവിഡിനെതിരെ ഞങ്ങള്‍ ചെയ്ത പോലെ നിങ്ങള്‍ക്ക് ഒരിക്കലും ചെയ്യാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

സംവാദത്തിനിടെ അവതാരകനോട് ട്രംപ് പ്രകോപിതനാകുന്നതും കാണാമായിരുന്നു. സംവാദം നടത്തുന്നത് എതിരാളിയോടല്ല അവതരാകനോടാണ് എന്നായിരുന്നു ട്രംപിൻ്റെ വാദം. 'ഈ കോമാളിയോട് ഒരു വാക്ക് പോലും പറയാന്‍ ബുദ്ധിമുട്ടാണ്, ക്ഷമിക്കണം' എന്നായിരുന്നു ഇതിനോട് ബൈഡൻ്റെ പ്രതികരണം.