ഇവിടം പ്രേതങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് എന്തുകൊണ്ട്?

ഇവിടം പ്രേതങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് എന്തുകൊണ്ട്?

പ്രകൃതിദൃശ്യങ്ങളുടെ കാര്യത്തില്‍ സമ്പന്നമാണ് ക്രൈമിയ. എന്നാല്‍ ഇവിടുത്തെ ഒരു താഴ്വര അറിയപ്പെടുന്നത് പ്രേതങ്ങളുടെ താഴ്വര എന്നാണ്. എങ്ങനെയാണ് ആ പേരു വന്നതെന്നു നോക്കാം.

ആലുസ്തയുടെ സമീപത്തുള്ള ഡെമെര്‍ഡ്ഷി പര്‍വതത്തിന്റെ ചരിവിലാണ് ഗോസ്റ്റ്‌സ് വാലി അഥവ പ്രേത താഴ്വര സ്ഥിതി ചെയ്യുന്നത്. ആലുസ്തയിലെ ഏറ്റവും രസകരമായ പ്രകൃതി ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടയിടം. ഈ സ്ഥലത്ത് പ്രകൃതി അസാധാരണമായ ശിലാരൂപങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ആളുകളുടെയും മൃഗങ്ങളുടെയും ആകൃതികളോട് സാമ്യമുള്ളതാണവ. കല്ലുകള്‍ മാത്രമല്ല, അവയുടെ നിഴലുകള്‍ പോലും അസാധാരണ കാഴ്ചകള്‍ സൃഷ്ടിക്കുന്നു എന്നതാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഈ രൂപങ്ങളിലേക്ക് കുറച്ച് സമയം നോക്കി നിന്നാല്‍ പ്രേതങ്ങളെപ്പോലെ കാണപ്പെടുന്നു എന്നാണ് പലരും പറയുന്നത്. അതിനാലാണ് താഴ്വരയ്ക്ക് അത്തരമൊരു പേര് ലഭിച്ചത്. സൂര്യാസ്തമയത്തിന് അരമണിക്കൂര്‍ മുമ്പാണ് ഇത്തരം കാഴ്ചകള്‍ കാണാന്‍ ഏറ്റവും അനുയോജ്യം. ആ രൂപങ്ങള്‍ കാണുന്ന ഓരോരുത്തര്‍ക്കും അവ ഓരോ രൂപമായി തോന്നും.

ഈ രൂപങ്ങളില്‍ ഭൂരിഭാഗവും പര്‍വതത്തിന്റെ ഒരു വശത്താണ്. അവ കാണണമെങ്കില്‍ മരങ്ങള്‍ക്കും പാറകള്‍ക്കുമിടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ കയറണം. ഈ ട്രെക്കിങ്ങും മനോഹരമായ അനുഭവമാണ്. ഗോസ്റ്റ്‌സ് താഴ്വര സ്ഥിതിചെയ്യുന്നത് ഡെമെര്‍ദി കോട്ടയുടെ ചരിവിലാണ്. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം. ഗോസ്റ്റ്‌സ് താഴ്വരയ്ക്ക് സമീപം കോട്ടയിലേക്ക് നയിക്കുന്ന ഒരു റോഡുണ്ട്. 15 നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയാണിത്. 

കട്ടിയുള്ള മൂടല്‍മഞ്ഞ് ഇവിടെ സാധാരണമാണ്. മൂടല്‍മഞ്ഞ് താഴ്വരയെ മൂടുമ്പോള്‍ അതിന്റെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ആവാത്തതിനുമപ്പുറമാകും. ഈ കട്ടിയുള്ള മൂടല്‍മഞ്ഞ് ഈ പ്രദേശത്തിന് പ്രത്യേക പ്രതാപവും രഹസ്യ സ്വഭാവവും നല്‍കുന്നു. നൂറിലധികം 'പ്രേതശില്‍പങ്ങള്‍' താഴ്വരയില്‍ ഉണ്ട്.