വൈറല്‍ സ്ഥാനാര്‍ത്ഥി വിബിതയെ തോല്‍പിച്ചത് കര്‍ഷകത്തൊഴിലാളി 

വൈറല്‍ സ്ഥാനാര്‍ത്ഥി വിബിതയെ തോല്‍പിച്ചത് കര്‍ഷകത്തൊഴിലാളി 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ താരം അഡ്വ വിബിത ബാബുവായിരുന്നു. വിബിതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്നു. ഇത് വൈറലായതോടെ ഉറച്ച പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ പിന്നാലെ കൂടി. ഇതോടെ തെരഞ്ഞെടുപ്പ് കേരളവും സോഷ്യല്‍ മീഡിയയും ഒരു പോലെ വിബിത മല്‍സരിച്ച പത്തനംതിട്ടയിലെ മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക്  ഉറ്റുനോക്കി. റിസല്‍റ്റ് വന്നപ്പോള്‍  വൈറലായ സ്ഥാനാര്‍ത്ഥി വിബിത പരാജയപ്പെട്ടു. ഇതോടെ ഒരു ചോദ്യമുയര്‍ന്നു. വിബിതയെ തോല്‍പ്പിച്ച സ്ഥാനാര്‍ത്ഥി ആരാണ്? 

മല്ലപ്പള്ളി ഡിവിഷന്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫ് രംഗത്തിറക്കിയ സി.കെ.ലതാകുമാരിയാണ് വിബിത ബാബുവിനെ തറപറ്റിച്ചത്. മല്ലപ്പള്ളി ഡിവിഷനില്‍ 1995 മുതല്‍ 2015 വരെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് ജയിച്ചു പോന്നിരുന്നത്. ആ പാരമ്പര്യം ലതാകുമാരി കാത്തു എന്നു മാത്രമല്ല, വിബിതയുടെ താരത്തിളക്കം സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങിപ്പോയി എന്ന് മിന്നും ജയത്തിലൂടെ തെളിയിക്കുകയും ചെയ്തു. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ചതാകട്ടെ 9178 വോട്ടും.

സിപിഎം ലോക്കല്‍ കവിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്‍റ്, . അങ്കണവാടി അധ്യാപിക, സിഐടിയു മുന്‍ സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ മേല്‍വിലാസങ്ങള്‍ നല്‍കിയ അനുഭവ പാടവവുമായാണ് ലതാകുമാരി മല്ലപ്പള്ളിയുടെ ഹൃദയങ്ങളിലേക്കിറങ്ങി ചെന്നത്. നാടിന്‍റെ ജനകീയ മുഖമായി മാറിയ ലതാകുമാരി കര്‍ഷകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു.

മൂന്ന് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു ചെയ്ത കൃഷിയില്‍ നിന്നു 1800 ഏത്തക്കുലകള്‍ വെട്ടിയെടുത്ത് 'കാര്‍ഷിക വിപ്ലവം' നടത്തിയ പൂര്‍വകാല ചരിത്രവും ലതാകുമാരിക്കുണ്ട്. സ്വന്തം നിലത്തിനു പുറമേ 28 വര്‍ഷമായി തരിശു കിടന്ന വെണ്ണീര്‍വിള പാടശേഖരം പാട്ടത്തിനെടുത്തതും മറ്റൊരു കാര്‍ഷിക വിജയഗാഥ. അന്ന്  47 ഏക്കറില്‍ നിന്നു 60 ടണ്‍ നെല്ലാണ് ലതാകുമാരി കൊയ്‌തെടുത്തത്. തോല്‍വിയുടെ പിന്നാലെ വിബിത ഫേസ് ബുക്കിലിട്ട പോസ്റ്റില്‍ ഇങ്ങനെ പറയുന്നു- എനിക്ക് വേഷം കെട്ടാനറിയില്ല.