സ്വകാര്യ മെസേജുകള്‍ സുരക്ഷിതം: വിശദീകരണക്കുറിപ്പ് ഇറക്കി വാട്‌സ് ആപ്പ്

സ്വകാര്യ മെസേജുകള്‍ സുരക്ഷിതം: വിശദീകരണക്കുറിപ്പ് ഇറക്കി വാട്‌സ് ആപ്പ്

ദില്ലി: സ്വകാര്യതാ നയത്തിലെ മാറ്റങ്ങള്‍ വിവാദമായിരിക്കെ പുതിയ വിശദീകരണക്കുറിപ്പ് ഇറക്കി വാട്‌സ് ആപ്പ്. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു.  ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുക എന്ന് വാട്‌സ് ആപ്പ് പറയുന്നു. വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്‌സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നാണ് അവകാശവാദം. 

താഴെ പറയുന്ന കാര്യങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ മെസേജുകള്‍ കാണാന്‍ വാട്‌സാപ്പിനു സാധിക്കില്ല. കോളുകള്‍ കേള്‍ക്കാനും സാധിക്കില്ല. ഫെയ്‌സ്ബുക്കിനും ഇതു സാധിക്കില്ല.

ആരൊക്കെയാണ് മെസേജ് അയയ്ക്കുന്നത്, വിളിക്കുന്നത് എന്നതിന്റെ ലോഗുകള്‍ വാട്‌സാപ് സൂക്ഷിച്ചുവയ്ക്കാറില്ല.

വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും നിങ്ങളുടെ ഷെയേര്‍ഡ് ലൊക്കേഷന്‍ കാണാന്‍ സാധിക്കില്ല. 

ഫെയ്‌സ്ബുക്കുമായി വാട്‌സാപ് നിങ്ങളുടെ കോണ്ടാക്ട് പങ്കുവയ്ക്കില്ല.

വാട്‌സാപ് ഗ്രൂപ്പുകള്‍ പ്രൈവറ്റ് രീതിയില്‍തന്നെ തുടരും.

മെസേജുകള്‍ അപ്രത്യക്ഷമാകണമെങ്കില്‍ അതു നിങ്ങള്‍ക്കു തീരുമാനിക്കാം.

നിങ്ങളുടെ ഡേറ്റ നിങ്ങള്‍ക്കുതന്നെ ഡൗണ്‍ലോഡ് ചെയ്യാം. 

വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷന്‍ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി നല്‍കുന്ന ഉറപ്പ്. ഫോണിലെ കോണ്ടാക്ടുകളും കാള്‍ ലിസ്റ്റും അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയക്കുമെന്ന ആരോപണവും വാട്‌സ് ആപ്പ് തള്ളി. 

സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ വാട്‌സ് ആപ്പിനോ ഫേസ്ബുക്കിനോ സാധിക്കില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രപിപ്ഷന്‍  വഴിയാണ് വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതെന്ന് കമ്പനി ആവര്‍ത്തിച്ചു. എന്നാല്‍ വാട്‌സ് ആപ്പ് ഉപയോഗിച്ച് നടത്തുന്ന കച്ചവടങ്ങളുടെ വിവരങ്ങള്‍ മാത്രം ഫേസ്ബുക്കിന് നല്‍കും. വ്യക്തിപരമായ സംഭാഷണങ്ങളും ബിസിനസ് സംവാദങ്ങളും വ്യത്യസ്തമാണെന്നാണ് ഇതിനുള്ള  വാട്‌സ് ആപ്പിന്റെ വിശദീകരണം. 

ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുന്ന സാധങ്ങളുടെ സ്വഭാവമനുസരിച്ചുള്ള പരസ്യങ്ങള്‍ ഫേസ്ബുക്ക് ഷോപ്പ് പോലുള്ള സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ ലഭ്യമാക്കലാണ് ഉദ്ദേശ്യമെന്നും വിശദീകരിക്കുന്നു. ഇങ്ങനെ വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉപഭോക്താക്കളെ വാട്‌സ് ആപ്പ് അത് അറിയിക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു. സ്വകാര്യത ഉറപ്പ് വരുത്താന്‍ സമയപരിധി നിശ്ചയിച്ച് സ്വയം ഡിലീറ്റാവുന്ന മെസേജുകള്‍ ഉപയോഗിക്കാമെന്നും നിലവില്‍ എന്തൊക്കെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് തന്നെ പരിശോധിക്കാവുന്നതാണെന്നും വാട്‌സ് ആപ്പ് വിശദീകരിക്കുറിപ്പില്‍ പറയുന്നു.