കാട്ടുപന്നികളെ കാത്ത് തോക്കുമായി ബബിത 

കാട്ടുപന്നികളെ കാത്ത് തോക്കുമായി ബബിത 

കല്‍പറ്റ: കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ 2 വിദേശനിര്‍മിത തോക്കുകളുമായി കാത്തിരിക്കുകയാണു ബബിത. ജില്ലയില്‍ ഇതിനു ലൈസന്‍സ് ലഭിച്ച ആദ്യ വനിതയാണ് നത്തംകുനി പുറ്റാട് കാഞ്ഞിരത്തിങ്കല്‍ ബെന്നിയുടെ ഭാര്യ ബബിത. മറ്റു ജില്ലകളിലും ഇതുവരെ വനിതകള്‍ക്കു ലൈസന്‍സ് കിട്ടിയതായി വിവരമില്ല. 

കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ മലയോര കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. വെടിവയ്ക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസുകളിലേക്ക് എത്തിയതോടെയാണു നടപടികള്‍ക്കു വേഗമായത്. 3 മാസം മുന്‍പാണു ബബിത ലൈസന്‍സിന് അപേക്ഷിച്ചത്. കര്‍ഷകനായ ബെന്നിയാണു ബബിതയ്ക്കു പരിശീലനം നല്‍കിയത്.

കാട്ടുപന്നികളെ വെടിവയ്ക്കുമ്പോള്‍...

കാട്ടില്‍ വച്ചു  മൃഗങ്ങളെ വെടിവയ്ക്കാന്‍ പാടില്ല. കാട്ടിലേക്കു മടങ്ങുന്ന മൃഗത്തെയും വെടിവയ്ക്കരുത്. വെടിയേറ്റവയുടെ ജഡം കണ്ടെത്തി മഹസര്‍ തയാറാക്കി, പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം. കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ച് 5 അടി ആഴമുള്ള കുഴിയില്‍ മറവു ചെയ്യണം. പന്നി അവിടെ എത്താനിടയായ സാഹചര്യം വനം ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. വെടിവയ്ക്കുന്ന സമയത്തു പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കണം. വെടിവയ്ക്കുമ്പോള്‍ ജനപ്രതിനിധികള്‍ സ്ഥലത്തുണ്ടായിരിക്കണം. നിലവിലെ മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും വിരുദ്ധമായ പ്രവൃത്തികള്‍ ലൈസന്‍സ് ഉടമകളുടെ ഭാഗത്തു നിന്നുണ്ടായാല്‍ അവരുടെ അനുമതി റദ്ദാക്കും.