കോടതി വിധിയില്‍ തൃപ്തരല്ല: കര്‍ഷകര്‍ സമരം തുടരും

കോടതി വിധിയില്‍ തൃപ്തരല്ല: കര്‍ഷകര്‍ സമരം തുടരും

ന്യൂഡല്‍ഹി: കൃഷി നിയമങ്ങള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാനുള്ള സുപ്രീംകോടതി നിര്‍ദേശം സ്വാഗതാര്‍ഹമെങ്കിലും വിഷയം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുന്നയിച്ച് കര്‍ഷകര്‍. 3 കൃഷി നിയമങ്ങള്‍ പിന്‍വലിക്കുക എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും അത് അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണം - സംഘടനാ നേതാക്കള്‍ പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്‌തെങ്കിലും റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച സമാന്തര പരേഡുമായി മുന്നോട്ടു പോകാനാണു കര്‍ഷകരുടെ തീരുമാനം. സ്റ്റേ താല്‍ക്കാലിക നടപടി മാത്രമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.