ബൂട്ടിട്ട കാലുകൾ ആ പെൺകുട്ടിയുടെ നിറവയറിനെ തൊഴിച്ചുകൊണ്ടിരുന്നു; ഒടുവിൽ ചോരയിൽ കുളിച്ച്

ബൂട്ടിട്ട കാലുകൾ ആ പെൺകുട്ടിയുടെ നിറവയറിനെ തൊഴിച്ചുകൊണ്ടിരുന്നു; ഒടുവിൽ ചോരയിൽ കുളിച്ച്

ഐഎസ് ഭീകരരുട‌െ പിടിയിൽനിന്നു രക്ഷപ്പെടുത്തി കുർദിസ്ഥാൻ മേഖലയിലെത്തിച്ചവരെ കാത്തുനിൽക്കുന്ന കുടുംബാംഗങ്ങൾ

 

‘കല്ലും പാറകളും നിറഞ്ഞ റോഡിലൂടെ ആ പഴഞ്ചൻ ‌ട്രക്കിനു പിറകിലിരുന്നു പോകുമ്പോൾ ‍ഞാനുൾപ്പെടെ പലരും ഭീതിയോടെ കരഞ്ഞു. രണ്ടു മാസം ഗർഭിണിയായിരുന്നു ഞാനപ്പോൾ. പക്ഷേ എന്റെ വയറിനെ ലക്ഷ്യമിട്ട് അവർ ബൂട്ടിട്ട കാലുകൊണ്ട് നിരന്തരം തൊഴിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്ക് തോക്കിന്റെ പാത്തി കൊണ്ടായിരുന്നു മർദനം. കയ്യിലുളള സകല വസ്തുക്കൾകൊണ്ടും അവർ മർദനം തുടർന്നുകൊണ്ടേയിരുന്നു. ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ യുദ്ധവിമാനങ്ങൾ തീതുപ്പി പറക്കുന്നുണ്ടായിരുന്നു. പലയിടത്തും സ്ഫോടനങ്ങൾ. ഇറാഖിലേക്കായിരുന്നു ആ യാത്ര. അതവസാനിക്കുമ്പോൾ ചോരയിൽ കുളിച്ചു കിടന്ന എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായിരുന്നു...’

ഞെട്ടലോടെ മാത്രമേ ലാമിയ എന്ന യസീദി പെൺകുട്ടിയുടെ ജീവിതം നമുക്കു വായിക്കാനാവുകയുള്ളൂ. അവളുടെ പേര് യഥാർഥമല്ല. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട് ഇപ്പോൾ അഭയാർഥി ക്യാംപിൽ എങ്ങനെയൊക്കെയോ ജീവിതം തള്ളിനീക്കുന്ന അനേകം യസീദി പെൺകുട്ടികളിൽ ഒരാളാണ് ലാമിയ. മാധ്യമങ്ങൾക്കു മുന്നിൽ തങ്ങളുടെ ഞെട്ടിക്കുന്ന ഭൂതകാലം തുറന്നുപറഞ്ഞ അനേകം പേരില്ലാ പെൺകുട്ടികളിൽ ഒരാൾ. 16 വയസ്സുള്ളപ്പോഴാണ് ഇറാഖിനും സിറിയയ്ക്കും ഇടയിലുള്ള സിൻജാർ മേഖലയിൽ നിന്ന് ഐഎസ് ഭീകരർ ലാമിയയെ തട്ടിക്കൊണ്ടു പോകുന്നത്. 

IRAQ-TURKEY-UNREST-YAZIDI-REFUGEE

കുർദിസ്ഥാനിലെ യസീദി ക്യാംപിൽനിന്നുള്ള കാഴ്ച.

 

ഐഎസിനെ സംബന്ധിച്ചിടത്തോളം നശിപ്പിച്ചു കളയേണ്ട ന്യൂനപക്ഷ മതവിഭാഗക്കാരായിരുന്നു യസീദികൾ. അതിനാൽത്തന്നെ ആ വംശത്തെതന്നെ ഇല്ലാതാക്കാനായിരുന്നു അധികാരത്തിന്റെ നാളുകളിൽ അവരുടെ തീരുമാനം. യസീദികൾ വിശുദ്ധമായി കരുതിയിരുന്ന ഇറാഖിലെ സിൻജാർ മലനിരകളോടു ചേർന്നായിരുന്നു അവരുടെ പ്രധാന കേന്ദ്രം. എന്നാൽ 2014 ഓഗസ്റ്റിൽ ഇവിടെ സുരക്ഷയ്ക്കുണ്ടായിരുന്നു കുർദ് പോരാളികൾ സ്ഥലംവിട്ടു. ഇറാഖിൽ ഐഎസിന്റെ മേൽക്കോയ്മ നിലനിന്ന സമയവുമായിരുന്നു അത്. കുർദ് സുരക്ഷാസംഘം പോയതിനു തൊട്ടുപിന്നാലെ ആയിരക്കണക്കിന് യസീദികൾ പലായനം ആരംഭിച്ചു. കാരണം, അവർക്കറിയാമായിരുന്നു വരാനിരിക്കുന്ന ഭീകരത താങ്ങാവുന്നതിനും അപ്പുറമായിരിക്കുമെന്ന്.

മൂവായിരത്തോളം പേരെ ഐഎസ് കൊലപ്പെടുത്തി. ഗർഭിണിയായ ലാമിയയും ഭർത്താവും ഉൾപ്പെടെയുള്ളവർ സിൻജാർ മലനിരകളിലേക്കു പലായനം ചെയ്തു. എന്നാൽ കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഇല്ലാതെ മലനിരകളിലെ കൊടുംചൂടേറ്റ് തൊണ്ട വരണ്ട് അവർക്കു തിരികെ പോരേണ്ടി വന്നു. വൈകാതെ ഐഎസിന്റെ പിടിയിലാവുകയും ചെയ്തു. ലാമിയ പിന്നീടൊരിക്കലും ഭർത്താവിനെ കണ്ടിട്ടില്ല. ആറായിരത്തോളം വരുന്ന യസീദികൾക്കൊപ്പം അവളെയും ഐഎസിന്റെ ഇറാഖിലെ ശക്തി കേന്ദ്രത്തിലേക്കു കടത്തി. ആ യാത്രയിലാണ് അവൾക്കു ഗർഭസ്ഥശിശുവിനെ നഷ്ടമായത്. 

ഇറാഖിലെത്തിയതിനു ശേഷം ലാമിയ ഉൾപ്പെടെയുള്ള യസീദി പെൺകുട്ടികളെ ബസിൽ നിറച്ച് പല നഗരങ്ങളിലായി കൊണ്ടുപോയി വിൽക്കുകയായിരുന്നു ഐഎസ് ചെയ്തത്. ചിലപ്പോൾ ഭീകരർ ബസിലേക്കു വന്ന് തങ്ങൾക്ക് ആവശ്യമുള്ളവരെ വാങ്ങിക്കൊണ്ടു പോകും. മറ്റു ചിലപ്പോൾ ഭീകരരിൽ ഒരാൾ ലൗഡ് സ്പീക്കറുമായി തെരുവിലേക്കിറങ്ങി ഉറക്കെ വിളിച്ചു പറയും–‘ഇനിയും നിങ്ങൾക്കൊരു യസീദി പെൺകുട്ടിയെ സ്വന്തമാക്കാനായില്ലെങ്കിൽ ഇതാ അവസരം...’ അത്തരമൊരു വിൽപനയിലൂടെ ലാമിയയെയും ഒരു ഭീകരൻ വാങ്ങി. 2014 മുതൽ നാല് ഐഎസ് ഭീകരർക്കാണ് ലാമിയയെ കൈമാറിയത്. മൊസൂളിലെ ഒരു ഭീകരന്റെ കയ്യിലാണ് അവസാനം എത്തിപ്പെട്ടത്. 

അതിനോടകം പല തവണ ക്രൂര ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും മർദത്തിനും ഇരയായി ലാമിയ. ഒരു തരി ഭക്ഷണം പോലും കൊടുക്കാതെ അയാൾ പട്ടിണിക്കിട്ടു. ഭീകരന്റെ ഭാര്യയും ലാമിയയെ കണ്ടത് അടിമയെപ്പോലെയായിരുന്നു. വീട്ടു ജോലിയെടുത്തും നിരന്തര പീഡനമേറ്റും കഴിയുന്നതിനിടെ അവൾ ഗർഭിണിയായി. കുഞ്ഞുണ്ടായപ്പോഴും ഐഎസ് ഭീകരന്റെ മർദനത്തിൽനിന്ന് അവളെ രക്ഷിക്കാനായി പലപ്പോഴും അയാളുടെ കാലു പിടിക്കേണ്ടി വന്നെന്നും പറയുന്നു ലാമിയ. കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുന്നതും അയാളുടെ ശീലമായിരുന്നു. 2017ൽ യുഎസ്–ഇറാഖി സൈന്യം മൊസൂളിലെത്തി. അന്നു മോചിപ്പിക്കപ്പെട്ട അനേകം പെൺകുട്ടികളിൽ ഒരാൾ ലാമിയയായിരുന്നു. 

IRAQ-CONFLICT-YAZIDI-ANNIVERSARY

ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കാണാതായവരെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇറാഖിലെ യസീദികൾ നടത്തിയ പ്രതിഷേധ പ്രകടനം 

 

തന്റെ ഒന്നര വയസ്സുള്ള പെൺകുഞ്ഞുമായി അവൾ ഇറാഖിലെ കുർദിസ്ഥാനിലുള്ള അഭയാർഥി ക്യാംപിലെത്തി. അവിടെ കുടുംബാംഗങ്ങളുമായി സന്തോഷകരമായ കൂടിച്ചേരൽ. എന്നാൽ അത് അധികനേരം നീണ്ടില്ല. തങ്ങളെ പീഡിപ്പിച്ചു തടവിലാക്കിയ ഭീകരന്റെ കുഞ്ഞുമായാണ് ലാമിയ വന്നിരിക്കുന്നതെന്ന് അവർ അടക്കം പറഞ്ഞു. ഒരു യസീദിക്ക് മറ്റൊരു യസീദിയിലുണ്ടാകുന്ന കുഞ്ഞിനെ മാത്രമേ അവർ യസീദിയായി കണക്കാക്കുകയുള്ളൂ. ലാമിയയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പരാമർശങ്ങളുണ്ടായി. ‘ഐഎസിന്റെ മകൾ’ എന്നു കുഞ്ഞിനെ നോക്കി പലരും ആക്രോശിച്ചു. അതിനിടെ രോഗബാധിതയായി കുഞ്ഞിന് നടക്കാൻ സാധിക്കാതായി. കുഞ്ഞിനെ ജീവിതത്തിൽ എന്നും ഒപ്പം കൂട്ടണമെന്നുണ്ടായിരുന്നു ലാമിയയ്ക്ക്. പക്ഷേ അങ്ങനെ ചെയ്താൽ ഒന്നുകിൽ കുഞ്ഞിനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അല്ലെങ്കിൽ ടെന്റോടു കൂടി അവളെയും കുഞ്ഞിനെയും കത്തിക്കും.

കുടുംബം പോലും പിന്തുണയ്ക്കാനില്ലാതായതോടെ ഒരു സന്നദ്ധ സംഘടനയ്ക്ക് കുഞ്ഞിനെ കൈമാറി. എഴുത്തും വായനയും അറിയാത്ത ലാമിയ അവർ പറഞ്ഞ രേഖകളിലെല്ലാം ഒപ്പിട്ടു. ഇന്നും പക്ഷേ അവൾക്കറിയില്ല അവർ ആ കുഞ്ഞിനെ എവിടേക്കു കൊണ്ടുപോയെന്നും എന്തു ചെയ്തെന്നും. പിന്നീടെല്ലായിപ്പോഴും ആ കുഞ്ഞിനെ ആലോചിച്ചായിരുന്നു ലാമിയയുടെ ജീവിതം. ഐഎസ് തടവിലാക്കിയ പെൺകുട്ടികളെ ബഹുമാനത്തോടെ കാണണമെന്ന് യസീദി വിഭാഗത്തിലെ ഉന്നത പുരോഹിതർ നിർദേശം നൽകിയിരുന്നെങ്കിലും സ്വന്തം സഹോദരൻ പോലും തന്നെ ഐഎസ് അടിമയെന്ന കണ്ണിലാണു കണ്ടതെന്നു പറയുന്നു ലാമിയ. അമ്മയുടെ സ്വഭാവവും ഏറെ മാറി. അയൽക്കാരുടെ കുത്തുവാക്കുകൾ കൂടിയായതോടെ ജീവനൊടുക്കാൻ തീരുമാനിച്ചു.

ഐഎസ് ഭീകരതയക്കെതിരെ യസീദികൾ നടത്തിയ പ്രതിഷേധ പ്രകടനം

 

ചീറിയെത്തുന്ന ഒരു വാഹനത്തിനു മുന്നിലേക്കു ചാടി ജീവനൊടുക്കാനായിരുന്നു ആദ്യ ശ്രമം. പക്ഷേ ഭയന്നു പിന്മാറി. പിന്നീട് എലിവിഷം വാങ്ങി അടുക്കളയിൽ കയറി വാതിലടച്ചു. ഇക്കാര്യം കൂട്ടുകാരി എങ്ങനെയോ അറിഞ്ഞു– ‘നീ മാത്രമല്ല ആ നായ്ക്കളുടെ അടിമയായിരുന്നതെന്ന് ഓർമ വേണം’ എന്നവൾ ആക്രോശിച്ചു പറഞ്ഞു. വാതിൽ തകർത്ത് അകത്തു കയറി അവളെ രക്ഷപ്പെടുത്തി. വീട്ടുകാരും മാപ്പു പറഞ്ഞു. ‘എന്റെ മകൾ ജീവിച്ചിരുന്നിട്ടും എനിക്കവളെ കാണാനാകുന്നില്ല. ഈ ക്രൂരതകളെല്ലാം ഞാൻ സഹിക്കുകയും വേണം. ഇങ്ങനെ ഞാനെന്നും ജീവിക്കണമെന്നാണോ നിങ്ങൾ പറയുന്നത്...?’ എന്നായിരുന്നു അവരോടുളള ലാമിയയുടെ ചോദ്യം. 

ഐഎസ് എന്ന ദുഃസ്വപ്നത്തിൽ നിന്ന് ഒരുവിധം മോചിതയായ രണ്ടായിരത്തോളം യസീദികൾ തിരികെ സിൻജാറിലേക്കു പോയി ജീവിതം സ്വരുക്കൂട്ടുകയാണിന്ന്. പക്ഷേ, ലാമിയയും കുടുംബവും ഇപ്പോഴും കുർദിസ്ഥാനിലെ ക്യാംപിലുണ്ട്. രാത്രികളിൽ ഞെട്ടിയുണർന്ന് കരഞ്ഞ്, ദുഃഖങ്ങളേറ്റു പറയാൻ ഒരാളു പോലുമില്ലാതെ, വീടും ജോലിയും വരുമാനവുമില്ലാതെയാണ് അവരുടെ ജീവിതം. സഹായിക്കാമെന്നേറ്റ ഇറാഖി സർക്കാരിനു പോലും ഇപ്പോഴും പല വാഗ്ദാനങ്ങളും ഓര്‍മ പോലുമില്ല. ഐഎസ് ഭീതി അവസാനിച്ച് മൂന്നു വർഷത്തിനു ശേഷവും യസീദി പെൺകുട്ടികളുടെ ഓർമകളിൽ ആ ദുരിതകാലം മിന്നിൽപ്പിണരുകൾ തീർക്കുകയാണ്.