വാക്കറില്‍ ഉരുണ്ടു നീങ്ങി കുഞ്ഞ്, രക്ഷകനായി ബൈക്ക് യാത്രികന്‍

വാക്കറില്‍ ഉരുണ്ടു നീങ്ങി കുഞ്ഞ്, രക്ഷകനായി ബൈക്ക് യാത്രികന്‍

ബൈക്കോടിച്ച് വരികയായിരുന്നു യുവാവ്. അപ്പോഴാണ് അയാള്‍ ആ കാഴ്ച കണ്ടത്.റോഡിന്‍റെ ഒരു വശത്തുനിന്നും വേഗത്തില്‍ ഉരുണ്ടു വരുന്ന ഒരു വാക്കര്‍. അതിനകത്ത് ഒരു കുഞ്ഞ്. വാക്കര്‍ റോഡ് മുറിച്ചു കടന്ന് ചരിഞ്ഞ പ്രദേശത്തേക്ക്  ഉരുണ്ട് ഇറങ്ങുകയാണ്. ബൈക്ക് നിര്‍ത്താന്‍ പോലും ശ്രമിക്കാതെ അയാള്‍ വാക്കറിന് പിറകെ ഓടി തടഞ്ഞു നിര്‍ത്തി. പിന്നാലെ കുഞ്ഞിനെ വാരിയെടുത്ത് മാറോടണച്ചു. വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന ബൈക്ക് യാത്രികന്‍റെ വീഡിയോ വൈറലാകുകയാണ്.

കൊളംബിയയിലെ ഫ്ളോറന്‍സിയയിലാണ് സംഭവം. കുഞ്ഞിനെ വാരിയെടുത്തപ്പോള്‍ പിന്നാലെ അതാ വരുന്നു ഒരു സ്ത്രീ. കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചിന്തിക്കാന്‍ പോലും ഒരുനിമിഷം പാഴാക്കാതെ ആ ബൈക്കുകാരന്‍ നടത്തിയ ഇടപെടലിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. 'മികച്ച പ്രതിപ്രവര്‍ത്തനവും മനഃസാന്നിധ്യവും. ശരിക്കും ഒരു ഹീറോ തന്നെ! എന്നാണ് മുന്‍ എംപിയും വ്യവസായ പ്രമുഖനുമായ നവീന്‍ ജിന്‍ഡാല്‍ വീഡിയോ പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചത്.