തിരുവനന്തപുരം: കേരളത്തിന് സുപരിചിതമല്ലായിരുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനമായ ശിവസേനയെ കേരളത്തിൽ അവതരിപ്പിച്ച എം എസ് ഭുവനചന്ദ്രൻ ശിവസേന വിട്ടു.ബാൽ താക്കറേയുടെ ആശയങ്ങളോടുള്ള ആവേശമാണ് ശിവസേന തുടങ്ങാൻ ഭുവനചന്ദ്രനെ പ്രേരിപ്പിച്ചത്.എന്നാൽ ഉദ്ദവ് താക്കറേയുടെ പ്രവർത്തന ശൈലിയോടുള്ള വിയോജിപ്പാണ് 34 വർഷത്തെ പ്രവർത്തനത്തിന് ശേഷം ഇപ്പോൾ ശിവസേന വിടാനുള്ള കാരണം.ഹിന്ദുത്വം വിട്ടൊരു രാഷ്ട്രീയം ശിവസേനക്ക് ചിന്തിക്കാൻ കഴിയില്ലെന്നും ഉദ്ദവിൻ്റെ ശൈലി ഹിന്ദുത്വത്തെ ദുർബലപ്പെടുത്തുന്നതാണെന്നും എം.എസ്.ഭുവനചന്ദ്രൻ പറഞ്ഞു.
1987 മുതൽ ബാൽതാക്കറേയുമായി സഹകരിച്ചിരുന്നു.1990ലാണ് ശിവസേനയുടെ കേരള ഘടകം രൂപീകരിച്ചത്.കേരള രാഷ്ട്രീയത്തിന് അന്യമായിരുന്ന സാമൂഹ്യസേവനങ്ങൾ പലതിനും തുടക്കമിട്ടത് എം.എസ്.ഭുവനചന്ദ്രനാണ്.ആദ്യമായി ആംബുലൻസ് സർവീസ്,ആശുപത്രികളിൽ അന്നദാനം, സൗജന്യ രക്തദാനം തുടങ്ങിയതെല്ലാം ശിവസേനയിലൂടെ എം.എസ്.ഭുവനചന്ദ്രനാണ് ആരംഭിച്ചത്.
കേരളത്തിന് അന്യമായിരുന്ന ഗണേശോത്സവം തുടങ്ങിയതും
എം എസ് ഭുവനചന്ദ്രനാണ്.
ശിവസേന തുടങ്ങിയതു മുതൽ ഭുവനചന്ദ്രനോടൊപ്പം പ്രവർത്തിച്ച സംസ്ഥാന ജില്ലാ ഭാരവാഹികളെ എറണാകുളത്ത് 21ന് വിളിച്ചു ചേർത്ത് ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്ന് എം.എസ്.ഭുവനചന്ദ്രൻ അറിയിച്ചു.
ഇത് രാഷ്ട്രീയ വിരമിക്കലല്ല എന്നും രാഷ്ട്രീയ ആത്മീയ സാംസ്കാരിക മേഖലകളിൽ തുടർന്നും സജീവമായി ഉണ്ടാകുമെന്നും ഭുവനചന്ദ്രൻ പറഞ്ഞു.