back to top
Thursday, December 26, 2024
Google search engine
HomeLatest Newsഐ എ എസ് തലത്തിൽ അച്ചടക്ക നടപടി കെ. ഗോപാലകൃഷ്‌ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ

ഐ എ എസ് തലത്തിൽ അച്ചടക്ക നടപടി കെ. ഗോപാലകൃഷ്‌ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ്‌ ഗോപാലകൃഷ്‌ണൻ നേരിടുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.

എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി’യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’യാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതില്‍നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവര്‍ത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്.

ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേര്‍ന്ന് പ്രശാന്ത് ഉണ്ടാക്കിയതാണെന്നാരോപിച്ച് മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍, മേഴ്സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽനിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പോലീസിനെ അറിയിച്ചിരുന്നു. ഫോൺ മറ്റിടങ്ങളിൽനിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകിയിട്ടുണ്ട്. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു.

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ ആരംഭിച്ചതിനു പിന്നാലെയായിരുന്നു മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

ഇതിനുപിന്നാലെയാണ് ‘മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്’ എന്ന ഗ്രൂപ്പുണ്ടായത്. അബദ്ധം മനസ്സിലാക്കിയശേഷം തന്റെ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനുപിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരംലഭിച്ചിരുന്നു. സ്വകാര്യനേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്ന സംശയവുമുണ്ട്. സംഭവംനടന്ന് രണ്ടുദിവസത്തിനുശേഷംമാത്രമാണ് തന്റെ ഫോൺ ഹാക്ക് ചെയ്തെന്നുകാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്.

സസ്പെൻഷന് പിന്നാലെ പ്രതികരണവുമായി കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. വ്യാജമായ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് സർക്കാർ നയമല്ലെന്നാണ് വിശ്വാസമെന്ന് പറഞ്ഞ അദ്ദേഹം, വ്യാജ റിപ്പോർട്ട് തയ്യാറാക്കിയതിനെ വിമർശിച്ചാൽ ഇത്തരമൊരു നടപടി ഉണ്ടാകുമെന്നത് പുതിയൊരു അറിവാണെന്നും കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രശാന്തിന്റെ പ്രതികരണം.

നടപടിയേ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് എനിക്ക് പുതിയ അറിവാണ്. എന്റെ ഭാ​ഗം കേട്ടിട്ടില്ല. എന്നോട് ആരും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. നട്ടപ്പാതിരയ്ക്ക് ഇങ്ങനെ പറയുകയാണ്. സർക്കാരിനേയോ സർക്കാർ നയങ്ങളേയോ വിമർശിച്ചാൽ അതിൽ തെറ്റുണ്ട്. നടപടിയെടുക്കാം. ഇത് താൻ ചെയ്തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഉദ്യോ​ഗസ്ഥരായ ചില വ്യക്തികളുടെ തെറ്റായ പ്രവണതകളെയാണ് വിമർശിച്ചത്. പ്രത്യേകിച്ച് വ്യാജമായ റിപ്പോർട്ട് ചമച്ച് കൊടുത്തതിലാണത്. ഇതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. വ്യാജമായ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് സർക്കാർ നയമല്ലെന്നാണ് വിശ്വാസം. വ്യാജ റിപ്പോർട്ട് തയ്യാറാക്കിയതിനെ വിമർശിച്ചാൽ ഇത്തരമൊരു നടപടി ഉണ്ടാകുമെന്നത് പുതിയൊരു അറിവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments