back to top
Thursday, December 26, 2024
Google search engine
HomeLatest Newsകനാൽ പുറമ്പോക്ക് പട്ടയം: അർഹരായ ആളുകളുടെ പട്ടിക തയ്യാറാക്കാനും ഭൂമി അളന്ന് തിട്ടപ്പെടുത്താനും മന്ത്രിതല യോഗം...

കനാൽ പുറമ്പോക്ക് പട്ടയം: അർഹരായ ആളുകളുടെ പട്ടിക തയ്യാറാക്കാനും ഭൂമി അളന്ന് തിട്ടപ്പെടുത്താനും മന്ത്രിതല യോഗം തീരുമാനിച്ചു

കൊല്ലം ജില്ലയിലെ പുനലൂർ, പത്തനാപുരം,അടൂർ,കൊട്ടാരക്കര നിയമസഭ മണ്ഡലങ്ങളിലെ വിവിധങ്ങളായ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റവന്യു മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാർ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പുനലൂർ താലൂക്കിലെ തെന്മല, ഇടമൺ, ആയിരനല്ലൂർ, കരവാളൂർ,അഞ്ചല്‍ വില്ലേജുകളിൽ കൂടിയുള്ള കെ.ഐ.പി കനാലിൻ്റെ പുറമ്പോക്കിൽ ഭൂമി കൈവശം വച്ചിട്ടുള്ള നിരവധി കുടുംബങ്ങളുണ്ട്. ഇവർക്ക് പട്ടയം വിതരണം ചെയ്യണമെന്ന ആവശ്യം വളരെ കാലപഴക്കമുള്ളതാണ്. പ്രസ്തുത ആളുകൾക്ക് പട്ടയം അനുവദിക്കണമെന്നും, വിഷയത്തിൽ റവന്യൂ ജലസേചന വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേരണമെന്നും പി‌എസ് സുപാല്‍ എം‌എല്‍‌എ കത്ത് നൽകിയിരുന്നു.

ഇന്ന് കൂടിയ യോഗത്തിൽ ഇതോടൊപ്പം പത്തനാപുരം, കൊട്ടാരക്കര, അടൂർ താലൂക്കുകളിൽ ഉൾപ്പെട്ട അപേക്ഷകളും പരിഗണനയിൽ വന്നു.
പുനലൂർ താലൂക്കിലെ തെന്മല (378), ഇടമൺ (281), ആയിരനല്ലൂർ (18), കരവാളൂർ(90) അഞ്ചല്‍ (05) എന്നിവിടങ്ങളിൽ ഉള്‍പ്പെടെ ആകെ 772 കൈവശങ്ങൾക്കാണ് ഭൂമിയുടെ അവകാശം നൽകേണ്ടതായിട്ടുള്ളത്.ഇതോടൊപ്പം തെന്മല കുളത്തൂപ്പുഴ വില്ലേജുകളിലെ കെഐപി ലേബർ കോളനിയിൽ താമസിക്കുന്ന ആളുകൾക്കും പട്ടയം നൽകേണ്ടതുണ്ട്. ഇവർക്ക് ലൈഫ് മിഷൻ വീടുകൾ പോലും അനുവദിക്കുന്നതിന് സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളത് എന്നു എംഎൽഎ അഭിപ്രായപ്പെട്ടു.

കനാൽ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പട്ടയ അപേക്ഷകൾ പരിഗണിക്കുന്നതിന് കെ.ഐ.പിയുടെ ഭാഗത്ത് നിന്നും നിരാക്ഷേപ പത്രം ലഭിയ്ക്കേണ്ടതുണ്ട്. കെ.ഐ.പി കനാലിൻ്റെ പുറമ്പോക്ക് ഭൂമികളിൽ ഭൂരിപക്ഷവും കനാലിൻ്റെ വികസനത്തിനോ, ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതിന് സാധ്യതയില്ല. കെ‌ഐ‌പി, ഉപയോഗമില്ലാതെ കൈവശം വച്ചിട്ടുള്ള ഭൂമികൾ വിട്ടു നൽകുന്ന പക്ഷം വളരെയധികം ഭൂരഹിതർക്ക്‌ ഭൂമി നൽകുവാൻ സാധിക്കുന്നതാണ്. ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ പി.സുപാൽ ആവശ്യപ്പെട്ടു .

കെ‌ഐ‌പി യുടെ ഭൂമിയിൽ താമസിക്കുന്ന മുഴുവനാളുകൾക്കും പട്ടയം നൽകുന്നതാണ് സർക്കാർ നയം എന്നും വിഷയത്തിൽ പരമാവധി സഹായകരമായ നിലപാടുകൾ സ്വീകരിക്കുമെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു. ഭൂരഹിതരെയും കർഷകരെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാട്. ഓരോ കൈവശവും സംയുക്ത സംഘം പരിശോധിക്കുകയും അർഹരായ ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തി അടുത്ത യോഗത്തിന് മുമ്പ് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു. ജനുവരി 15ന് വിശദമായ റിപ്പോർട്ടുകളോടൊപ്പം യോഗം ചേരുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾക്കുള്ള മേൽനോട്ട ചുമതല കൊല്ലം ജില്ലാ കളക്ടർക്കായിരിക്കും.
ഇത്തരം ഭൂമികളുടെ കൃത്യമായ വിസ്തീർണ്ണം കണക്കാക്കുന്നതിന് സർവ്വേ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ആയതിനു ഒരു സ്പെഷ്യൽ ടീമിനെ നിയോഗിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കും. മതിയായ സർവേ ടീമിനെ അനുവദിക്കുന്നതിനും, വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനും തീരുമാനമെടുത്തു. യോഗത്തിൽ റവന്യൂ ജോയിൻറ് കമ്മീഷണർ, കൊല്ലം ജില്ലാ കളക്ടർ, പുനലൂർ ആർഡിഒ, പുനലൂർ, പത്തനാപുരം തഹസില്‍ദാര്‍, കെഐപി ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments