കൊച്ചി: കോഴിക്കോട്ടെ ഡിഎംഒ കസേര തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. കോഴിക്കോട് ഡി.എം.ഒയായി ഡോ. രാജേന്ദ്രനെ നിയമിക്കണമെന്ന് ഹൈക്കോടതി. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ നിലനിൽക്കുമെന്നും ഹൈക്കോടതി. ജനുവരി ഒമ്പത് വരെ സ്റ്റേ തുടരാനാണ് നിർദേശം. അടുത്ത മാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
രാജേന്ദ്രൻ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരാണ് സ്ഥലംമാറ്റ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്കും ഈ ഹൈക്കോടതി ഉത്തരവ് ബാധകമാകും. വെള്ളിയാഴ്ച തന്നെ ചുമതലയേൽക്കാൻ ഡോ. രാജേന്ദ്രൻ ഡി.എം.ഒ. ഓഫീസിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഹൈക്കോടതിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഡോ. ആശാദേവി ഓഫീസിൽ നിന്ന് അൽപസമയം മുമ്പ് മടങ്ങിയിരുന്നു.
നേരത്തെ, ഡോ. ആശാ ദേവിയെ കോഴിക്കോട് ഡി.എം.ഒ ആക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനായിരുന്നു വകുപ്പിൻ്റെ തീരുമാനം. ഡോ. രാജേന്ദ്രന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്ടറേറ്റിലേക്കെത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി.എം.ഒ. ആയി തുടര്‍ന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രാജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.
മാറാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന്‍ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി. നിയമപ്രകാരം താനാണ് ഡി.എം.ഒ. എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തു.