തൃശൂർ: തൃശൂരിൽ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചാണ് സ്ഥാപനം നികുതിവെട്ടിപ്പ് നടത്തിയത്.
പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല.
അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വർണമാണ് കണ്ടുകെട്ടിയത്. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 77 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് തൃശൂരിൽ നടക്കുന്നത്.
സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന പേരിലായിരുന്നു പരിശോധന.സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഒരേസമയം പങ്കാളികളായ തൃശ്ശൂരിലെ സ്വര്‍ണവേട്ടയില്‍ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത് വിനോദയാത്രയെന്നു പറഞ്ഞ്. എറണാകുളത്ത് ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനമുണ്ടായിരുന്നു. അവിടെനിന്നാണ് ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത്. എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സ്വര്‍ണാഭരണനിര്‍മാണ യൂണിറ്റുകളിലും അവയുടെ ഉടമസ്ഥരുടെയോ പ്രധാന ജീവനക്കാരുടെയോ വീടുകളിലും ഫ്ലാറ്റുകളിലുമുള്പ്പെടെ 78 ഇടങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്തി.
പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുമ്പോഴും പല സ്ഥാപനങ്ങളിലും ഉപഭോക്താക്കളുണ്ടായിരുന്നു. ഉപഭോക്താക്കളാണെന്ന് ഉറപ്പുവരുത്തി ഇവരെ ഇറക്കിവിട്ടു. മറ്റിടങ്ങളില്‍ പരിശോധന നടക്കുന്ന വിവരമറിഞ്ഞ് കിട്ടിയ ബാഗുകളില്‍ സ്വര്‍ണം വാരിയിട്ട് ഓടിയിറങ്ങിയ ജീവനക്കാരിയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ടുപിടിച്ചു. ഇവരില്‍നിന്ന് ആറര കിലോഗ്രാം സ്വര്‍ണം പിടികൂടി. ജി.എസ്.ടി. വെട്ടിച്ച് വിലക്കുറവില്‍ വില്‍പ്പന നടത്തുന്ന ആഭരണനിര്മാണയൂണിറ്റുകള് ഏഴു മാസമായി ജി.എസ്.ടി. ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.
കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കുന്നതിനൊപ്പം അഞ്ചു വര്‍ഷമായി ഇവര്‍ ജി.എസ്.ടി. വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകള്‍ കണ്ടെത്തുകകൂടിയായിരുന്നു പരിശോധനയുടെ ലക്ഷ്യം. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം കണക്കില്ക്കാണിക്കാതെ വില്ക്കാന് കഴിയുമെന്നതിനാല്‍ ആ സ്വര്‍ണം ഇങ്ങോട്ടെത്തുന്നത് തടയുകയും പരിശോധനകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.