പാലക്കാട്: കോൺഗ്രസിനോട് വിട പറഞ്ഞ പി സരിൻ പാലക്കാട് നിമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാവും. പാർട്ടി ചിഹ്നത്തിൽ തന്നെയാവും മത്സരിക്കുക . ഇന്ന് രാവിലെ ചേർന്ന സിപിഎം പാലക്കാട് ജില്ലാ ജില്ലാ സെക്രട്ടേറിയറ്റ് ഒറ്റക്കെട്ടായി പി സരിന്റെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകുകയായിരുന്നു. ഇന്നുതന്നെ ജില്ലാ കമ്മിറ്റിയും അംഗീകാരം നൽകും. തുടർന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.
ഇന്നുവൈകിട്ടോടെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് എകെ ബാലൻ നേരത്തേ വ്യക്തമാക്കിയിരുന്നു.സെക്രട്ടേറിയറ്റ് യോഗത്തിൽ സരിന്റെ പേരല്ലാതെ മറ്റൊരു പേരും ഉയർന്നുവന്നില്ലെന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫ് പക്ഷത്തെ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സരിൻ ഉയർത്തുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് സിപിഎം അണികൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്.
ഇന്നലെ വാർത്താസമ്മേളനത്തിൽ താൻ ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് പി. സരിൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും, പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയശേഷമാണ് സരിൻ പാർട്ടി മാറ്റം പ്രഖ്യാപിച്ചത്.