കണ്ണൂര്‍: ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി രംഗത്തെത്തിയ പ്രശാന്തനെതിരേ കടുത്ത നടപടിയെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളെജിലെ ജീവനക്കാരനായ പ്രശാന്തിനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഇയാള്‍ സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രാഗഡെയും ജോയൻ്റ് ഡയറക്ടര്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡോ. വിശ്വനാഥനും പരിയാരത്തേക്ക് പോകും. സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇയാള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ജോലിയില്‍ സ്ഥിരമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായും സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഡി.എം.ഇയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.