കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉന്നതാധികാര സമിതിക്ക് മുമ്പാകെയാണെന്നും സമിതി എത്രയും വേഗം യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തെ ‘തീവ്ര വിഭാഗ’ത്തിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. 251 പേർ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്ത ഒരു ദുരന്തത്തിൽ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്ന കാര്യം കേരളം ചൂണ്ടിക്കാട്ടിയിരുന്നു.