ടെല്‍ അവീവ്: ഇസ്രയേലിനെതിരായ തിരിച്ചടിക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി സൈനിക നേതൃത്വത്തോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് ഖമേനിയുടെ ആഹ്വാനം. പ്രതികരണം കഠിനവും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തതുമായിരിക്കുമെന്ന് ഉന്നത ഇറാനി സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിന് നേരെയുള്ള ഇറാൻ്റെ ആക്രമണം യുഎസ് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കാമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനു നേരേ ഇറാന്‍ നടത്തിയ വന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഒക്ടോബര്‍ 26-ന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നത്.
ഇറാൻ്റെ പുതിയ ഭീഷണിക്ക് പിന്നാലെ ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അടുത്തിടെ തങ്ങള്‍ നടത്തിയ ആക്രണം ഇറാൻ്റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്നും ഇസ്രേയല്‍ സൈന്യം അറിയിച്ചു.