ന്യൂഡൽഹി: യുപി സർക്കാരിനും ദേശീയ ബാലാവകാശ കമ്മിഷനും തിരിച്ചടിയായി സുപ്രീംകോടതി വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് കോടതി വ്യക്തമാക്കി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
നേരത്തെ ദേശീയ ബാലാവകാശ കമ്മീഷന്റെ ഈ ഉത്തരവില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തുവന്നിരുന്നു. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ശക്തമായ ഭാഷയിൽ ചോദിച്ചിരുന്നു.
മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശമുണ്ടോയെന്നും കോടതി വിമർശിച്ചിരുന്നു. മദ്രസകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകള്‍ യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ നിര്‍ബന്ധം പിടിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. നിയമത്തിന്റെ ഉദ്ദേശം പരിശോധിക്കൂവെന്ന് യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച സുപ്രിംകോടതി മദ്രസകള്‍ നിയന്ത്രിക്കുന്നത് ദേശീയ താല്‍പര്യമാണോയെന്നും അന്ന് ചോദിച്ചിരുന്നു.
കുട്ടികളുടെ മദ്രസ മാറ്റത്തിന് ഇടപെടുന്നതിലൂടെ സര്‍ക്കാരിന്റെ നയം വ്യക്തമാകും. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് മതേതരത്വം. സംസ്കാരം, മതം തുടങ്ങിയവ ഒന്നാകുന്ന ഇടമാണ് നമ്മുടെ രാജ്യം, ഇത് സംരക്ഷിക്കണമെന്നത് കൂടിയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
രാജ്യത്തെ മദ്രസകള്‍ നിര്‍ത്തണമെന്നും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും നല്കുന്ന ഫണ്ടിങ്ങുകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.