തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും വ്യാപക നാശം. തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴു വീടുകളിൽ വെള്ളം കയറി.
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ വീടിന്റെ മുറ്റത്തേക്കാണ് മതിൽ വീണതെങ്കിലും ആർക്കും പരിക്കില്ല. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനെയാണ് കാണാതായത്. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.