back to top
Thursday, November 21, 2024
Google search engine
HomeUncategorizedവയനാടിന് പ്രത്യേകസഹായമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി; കേരളം രാജ്യത്തിന്റെ ഭാ​ഗം,കേന്ദ്രം അത് മറക്കരുത്

വയനാടിന് പ്രത്യേകസഹായമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി; കേരളം രാജ്യത്തിന്റെ ഭാ​ഗം,കേന്ദ്രം അത് മറക്കരുത്

ആലപ്പുഴ: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട വയനാടിന് കേന്ദ്രം സഹായം പ്രഖ്യാപിക്കാത്തതിനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനം വിവേചന പൂർണമായതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ഈ രാജ്യത്തിന്റെ ഭാ​ഗമാണ്. രാജ്യത്തിന് വേണ്ടി വലിയ തോതിൽ സംഭാവന ചെയ്യുന്ന നാടാണ്. കേന്ദ്രം അത് മറക്കരുത്, മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ സി.പി.എം കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ എന്താണ് നിങ്ങളുടെ സമീപനമെന്നും സഹായമെന്നും ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ഇതേവരെ സഹായമില്ല. തീവ്രദുരന്തത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും ഇപ്പോൾ കേന്ദ്രത്തിനുവേണ്ടി ഒരു മന്ത്രി അറിയിച്ചിരിക്കുന്നു. മറ്റു സഹായങ്ങൾ ഇല്ലെന്നും നിങ്ങളുടെ കൈയിൽ ഇപ്പോൾ പൈസയുണ്ടെന്നുമാണ് കേന്ദ്രം അറിയിക്കുന്നത്.

നിങ്ങളുടെ കൈയിൽ ഉണ്ടെന്നു കേന്ദ്രം പറയുന്ന പൈസ ഏതാണ്. ഇതാണ് നാം മനസ്സിലാക്കേണ്ട കാര്യം. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി എപ്പോഴും സംസ്ഥാനത്തിന്റെ കൈയിൽ പൈസ ഉണ്ടാകും. അതിൽ 80 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാനവും വഹിക്കുന്നതാണ്.

ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തിന്റെ കൈയിലുള്ള പണത്തിൽ നിന്നാണ് വിവിധ പ്രശ്നങ്ങളിൽ പണം കൊടുക്കുന്നത്. ആ പണം എപ്പോഴും കൈയിൽ ഉണ്ടാകും. ഈ പണം ചൂണ്ടികാണിച്ച് വയനാടിന്റെ പ്രശ്നം പറയാൻ കഴിയില്ല. വയനാടിന് പ്രത്യേക സഹായമാണ് ആവശ്യം. പ്രത്യേക ദുരന്തമാണുണ്ടായത്. അവിടത്തെ സാമൂഹിക ജീവിതത്തിന് ഉതകുന്ന പല പൊതുകാര്യങ്ങളും സൃഷ്ടിക്കണം. ഇതിനെല്ലാം പണം വേണം’, അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കഴിഞ്ഞദിവസമാണ് കേന്ദ്രം കേരളത്തെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു.

കേരളത്തിന്റെ കൈയിൽ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. കെ.വി.തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments