back to top
Thursday, November 21, 2024
Google search engine
HomeLatest Newsകാവൽ മാലാഖയായി വർത്തിക്കേണ്ട കേന്ദ്രസർക്കാർ ചെകുത്താനായി മാറരുത് : കെ.രാജൻ

കാവൽ മാലാഖയായി വർത്തിക്കേണ്ട കേന്ദ്രസർക്കാർ ചെകുത്താനായി മാറരുത് : കെ.രാജൻ

ഗാർഡിയൻ ഏഞ്ചൽസായി പ്രവർത്തിക്കേണ്ട കേന്ദ്രസർക്കാർ ചെകുത്താൻ്റെ പണി ചെയ്യരുതെന്ന് റവന്യു മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളിൽ ആപത്‌ഘട്ടങ്ങളിൽ കേന്ദ്രം ഗാർഡിയൻ ഏഞ്ചലിന്റെ റോൾ സ്വീകരിക്കണമെന്നാണ്‌ സുപ്രീം കോടതി നിർദേശം. ചൂരൽമല ദുരന്തബാധിതരുടെ മനസിൽ കേന്ദ്രത്തിന്‌ ചെകുത്താൻ്റെ പരിവേഷം വരുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി.
വയനാട്‌ പുനരധിവാസത്തിന്‌ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക്‌ പണം നൽകിയെന്ന കേന്ദ്ര സഹമന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. അത്‌ ജനാധിപത്യസംവിധാനത്തിൽ ഭൂഷണമായ കാര്യമല്ല. 13ന്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ പൂർത്തിയായ ശേഷമാണ്‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന്‌ കത്തെഴുതിയത്‌. സഹായത്തിനായി കാത്തിരിക്കുന്ന ദുരിതബാധിതരോടുള്ള വഞ്ചനയാണിത്‌. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‌ 2024–-25 ലെ എസ്‌ഡിആർഎഫിൽ 291.20 കോടി രൂപ വേണമെന്ന്‌ 15–-ാം ധനകാര്യ കമ്മീഷനാണ്‌ നിശ്‌ചയിച്ചത്‌. ആ തുകയോടൊപ്പം സംസ്ഥാനത്തിന്റെ 96 കോടി വിഹിതം കൂടി ഉൾപ്പെടും. കഴിഞ്ഞ വർഷത്തെ ബാക്കി തുകയും ഈ വർഷത്തേക്ക്‌ നീക്കി വയ്‌ക്കും. അത്‌ വയനാടിനായി അനുവദിച്ചതല്ല, സംസ്ഥാനം നേരിടുന്ന എല്ലാ ദുരിതങ്ങൾക്കും ഉപയോഗിക്കാനാണ്‌. അത്‌ ചെലവഴിക്കുന്നതിന്‌ കൃത്യമായ മാനദണ്ഡങ്ങളുണ്ട്‌. വീട്‌ തകർന്നതിന്‌ പരമാവുധി 1,30,000 രൂപയാണ്‌ പരമാവുധി സഹായം. എസ്‌ഡിആർഎഫിലെ പണമെടുത്ത്‌ മാനദണ്ഡങ്ങൾ മറികടന്ന്‌ ചൂരൽമലയിലെ പുനരധിവാസത്തിന്‌ ചെലവഴിക്കാമെന്ന്‌ രേഖാമൂലം ഉത്തരവിറക്കാൻ കേന്ദ്രസർക്കാർ തയ്യാറുണ്ടോ. എങ്കിൽ ആദ്യഘട്ടമായി അത്‌ പരിഗണിക്കാം. വയനാട്‌ ദുരന്തത്തിൽ ഔദാര്യമല്ല, അർഹമായ ധനസഹായമാണ്‌ കേരളം ചോദിക്കുന്നത്‌. ഇക്കാര്യത്തിൽ കൂട്ടായ ചിന്ത കേരളത്തിൽ ഉയരണം.
വയനാട്‌ ദുരന്തത്തെക്കുറിച്ച് പഠിക്കാനെത്തിയ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത ആലോചന നടക്കുന്നതായി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ദുരന്തം നടന്നിട്ട് 110 ദിവസം പിന്നിട്ടിട്ടും ആലോചന പൂർത്തിയായിട്ടില്ല. തൃപുരയിൽ ഐഎംസിടി സന്ദർശനവേളയിൽ തന്നെ 40 കോടി അധികസഹായം പ്രഖ്യാപിച്ചു.
ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ദുരന്ത ബാധിതരുടെ വായ്‌പകൾ എഴുതി തള്ളാൻ എന്തിന്‌ മടിക്കുന്നുവെന്ന്‌ ഹൈക്കോടതി കേന്ദ്രസർക്കാരിനോട്‌ ചോദിച്ചു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ത്‌ കൊണ്ട്‌. സിക്കീം, ഹിമാചൽ, കർണാടക, തമിഴ്‌നാട്‌, തൃപുര എന്നീ സംസ്ഥാനങ്ങൾക്ക്‌ നൽകിയ അധിക സഹായം കേരളത്തിന്‌ നൽകാത്തതെന്ത്‌ കൊണ്ടെന്നും ചോദിച്ചു. മറുപടി പറയാൻ 14 ദിവസം വേണമെന്നാണ്‌ അറ്റോർണി ജനറലിന്റെ പ്രതിനിധി ആദ്യം ആവശ്യപ്പെട്ടത്‌. ആ സമയം ഒക്‌ടോബർ 18ന്‌ തീർന്നു. ഈ മാസം അവസാനം തീരുമാനം അറിയിക്കാമെന്നാണ്‌ കോടതിയെ അറിയിച്ചിട്ടുള്ളത്‌.
വയനാട്‌ ദുരന്തസഹായതത്തിന്‌ കേരളം വേണ്ടതുപോലെ മാനദണഡങ്ങൾ പാലിച്ച്‌ മെമ്മൊറാണ്ടം നൽകയില്ലെന്ന്‌ ചിലർ പ്രചരിപ്പിക്കുന്നതായി മന്ത്രി കെ രാജൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഇത്‌ തെറ്റാണ്‌. ദുരന്തനിവാരണ ഏക്ടനുസരിച്ച്‌ വിദഗ്‌ദരെ ഉപയോഗിച്ച്‌ കൃത്യമായ മാനദണഡങ്ങൾ പാലിച്ചാണ്‌ മെമ്മൊറാണ്ടം തയ്യാറാക്കി സമർപ്പിച്ചത്‌. ആഗസ്‌റ്റ്‌ 14ന്‌ ദേശീയ ‘ ദുരന്തനിവാരണ സമിതി നിർദേശിച്ച പോസ്‌റ്റ്‌ ഡിസാസ്റ്റർ നീഡ്‌ അസസ്‌മെന്റ്‌ ഉൾപ്പടെ കേരളം തയ്യാറാക്കി.
ആഗസ്‌റ്റ്‌ ഒമ്പതിന്‌ മെമ്മൊറാണ്ടം തയ്യാറാക്കി. 17ന്‌ മെമ്മൊറാണ്ടം നൽകി. പത്തിന്‌ പ്രധാനമന്ത്രി വയനാട്‌ എത്തിയപ്പോഴും ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം സന്ദർശിച്ചപ്പോഴും കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രധാനമന്ത്രിയെ കണ്ട്‌ സഹായം അഭ്യർഥിച്ചു. കേരളത്തിന്റെ പ്രതിനിധി കെ വി തോമസ്‌ നിരന്തരം കേന്ദ്ര മന്ത്രിമാരെ കണ്ടു. ഒരു ഘട്ടത്തിലും മാനദണഡങ്ങൾ പാലിച്ചില്ലെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. വിഷയം കോടതിയുടെ മുമ്പിൽ വന്നപ്പോഴും കേന്ദ്ര അഭിഭാഷകർ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments