കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോൾവർഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകർത്തത്. ഇ. സജീഷ് ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തിൽ മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടി. നസീബ് റഹ്മാൻ, വി. അർജുൻ, മുഹമ്മദ് മുഷറഫ് എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട കേരളം ആറാം മിനിറ്റിൽ അജ്സലിലൂടെ ആദ്യ ഗോൾ നേടി. പിന്നീട് തുടർച്ചയായ ഇടവേളയിൽ ലീഡ് വർധിപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ റെയിൽവേസിനെ ഒരു ഗോളിന് തോൽപ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെയാണ് അടുത്ത മത്സരം. ഈ മത്സരത്തിൽ കേരളത്തിന് സമനില നേടിയാൽമതി. ഡിസംബർ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് തുടങ്ങുന്നത്.
യോഗ്യത പോരാട്ടങ്ങൾക്കപ്പുറം സന്തോഷ് ട്രോഫിയിൽ മറ്റ് മത്സരാനുഭവമില്ലാതെയാണ് ലക്ഷദ്വീപ് കേരളത്തിനെതിരെ ഇറങ്ങിയത്. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയോട് പരാജയമേറ്റുവാങ്ങിയ ലക്ഷദ്വീപ് ഇന്ന് അതിലും കടുത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇന്നത്തെ ജയത്തോടെ പോണ്ടിച്ചേരിയും റെയിൽവേസും ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ചിൽ കേരളം ഒന്നാംസ്ഥാനത്തെത്തി. ആദ്യ കളിയിൽ കേരളം റെയിൽവേസിനെ ഒരു ഗോളിനാണ് തോൽപിച്ചത്.