റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി അധികാരം നിലനിര്‍ത്തി. ആകെയുള്ള 81 സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ്- ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സഖ്യം നയിക്കുന്ന ഇന്ത്യമുന്നണി വിജയിച്ചു. 29 സീറ്റുകളാണ് ബിജെപി സഖ്യത്തിന് ലഭിച്ചത്. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു.
നവംബര്‍ 13, 20 തീയതികളില്‍ രണ്ടു ഘട്ടമായിട്ടായിരുന്നു ഇത്തവണ ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 67.74 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2000-ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.
ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തുവാരി; ചലനമുണ്ടാക്കാനാവാതെ പ്രശാന്ത് കിഷോര്‍
പട്‌ന: ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം തൂത്തുവാരി. സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായുള്ള പാര്‍ട്ടികളുടെ സിറ്റിങ് സീറ്റുകളായ തരാരി, രാംഗഡ്, ബെലഗഞ്ച് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മൂന്ന് സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല.
ബെലഗഞ്ച് സീറ്റ് നഷ്ടമായത് ആര്‍ജെഡിക്ക് വലിയ തിരിച്ചടിയായി. പാര്‍ട്ടി രൂപീകരണം മുതല്‍ ആര്‍ജെഡിക്കൊപ്പമായിരുന്നു ബെലഗഞ്ച്. ജെഡിയുവിനോടാണ് ആര്‍ജെഡി പരാജയപ്പെട്ടത്. സുരേന്ദ്ര പ്രസാദ് യാദവ് എംപിയായതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സുരേന്ദ്ര യാദവിന്‍റെ മകന്‍ വിശ്വനാഥ് കുമാര്‍ സിങിനെ 21,391 വോട്ടിനാണ് മനോരമ ദേവി പരാജയപ്പെടുത്തിയത്.
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കുതിപ്പ്, ബിജെപി സീറ്റും പിടിച്ചെടുത്തു; പഞ്ചാബില്‍ എഎപി മുന്നില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം മുന്നേറ്റം. സിതായി മണ്ഡലത്തില്‍ തൃണമൂലിന്റെ സംഗിത റോയ് വിജയിച്ചു. നൈഹട്ടി, ഹരോവ, മേദിനിപ്പൂര്‍, തല്‍ദാംഗ്ര എന്നീ സിറ്റിങ്ങ് സീറ്റുകൾ തൃണമൂല്‍ കോണ്‍ഗ്രസ് നിലനിറുത്തി
നൈഹട്ടിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സനത് ദേവ് വിജയം ഉറപ്പാക്കി. കഴിഞ്ഞ തവണ ബിജെപി വിജയിച്ച മാദ്രിഹട്ട് (എസ്ടി) മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. ടിഎംസിയുടെ ജയപ്രകാശ് ടോപ്പോ ബിജെപിയുടെ രാഹുല്‍ ലോഹാറിനെയാണ് പരാജയപ്പെടുത്തിയത്.
പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലു മണ്ഡലങ്ങളില്‍ മൂന്നിടത്ത് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ടു നില്‍ക്കുന്നു. ഗിദ്ദര്‍ബാഹ, ദേരാ ബാബ നാനാക്, ചബ്ബേവാള്‍ മണ്ഡലങ്ങളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. ബര്‍ണാല മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.
ചബ്ബേവാളില്‍ എഎപിയുടെ ഇഷാങ്ക് കുമാര്‍ ചബ്ബേവാള്‍ എതിരാളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രഞ്ജിത് കുമാറിനെയാണ് പിന്നിലാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥി സോഹന്‍ സിംഗ് തണ്ടലാണ് മൂന്നാം സ്ഥാനത്ത്. ബര്‍ണാലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിംഗ് ധില്ലന്‍ മുന്നിലാണ്. എഎപിയുടെ ഹരീന്ദര്‍ സിംഗ് ധലിവാളിനെയാണ് പിന്നിലാക്കിയത്.
ഗിദ്ദര്‍ബാഹയില്‍ എഎപിയുടെ ഹര്‍ദീപ് സിംഗ് ഡിംപി ധില്ലന്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമൃത വാറിങ്ങിനെതിരെ മുന്നിലാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിങ്ങിന്റെ ഭാര്യയാണ് അമൃത വാറിങ്. മൂന്നാം സ്ഥാനത്ത് പഞ്ചാബ് മുന്‍ ധനമന്ത്രിയും മന്‍പ്രീത് സിംഗ് ബാദലാണ്.
ദേരാബാബാ നാനാകില്‍ എഎപിയുടെ ഗുര്‍ദീപ് സിങ് രണ്‍ധാവയാണ് ലീഡു ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ജതീന്ദര്‍ കൗര്‍ രണ്‍ധാവയാണ് രണ്ടാം സ്ഥാനത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുരുദാസ്പൂര്‍ എംപിയുമായ സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ ഭാര്യയാണ് ജതീന്ദര്‍ കൗര്‍. ബിജെപിയുടെ രവികരണ്‍ കാഹ്‌ലോണ്‍ മൂന്നാം സ്ഥാനത്താണ്.
കർണാടകയിൽ മൂന്നിടത്തും കോൺഗ്രസ്
കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഭരണസഖ്യമായ കോൺഗ്രസ് തന്നെ മുന്നിൽ. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ എന്നീ മണ്ഡലങ്ങളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൻഡിഎ സിറ്റിങ് സീറ്റായ കർണാടകയിലെ ചന്നപട്ടണയിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് വിജയിച്ചത്. കേന്ദ്രമന്ത്രിയും ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റുമായ കുമാരസ്വാമി രാജിവച്ച ഒഴിവിൽ മകൻ നിഖിൽ ആണ് എൻഡിഎ സ്ഥാനാർഥിയായത്. സി.പി. യോഗീശ്വരയാണ് കോൺഗ്രസിനായി മത്സരിച്ചത്.
അഞ്ചുതവണ എംഎൽഎയും മുൻമന്ത്രിയും നടനുമായിരുന്ന യോഗീശ്വര 93,901 വോട്ടുകൾ നേടി. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുൻപാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്. 24,831 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. നിഖിലിനായി ബിജെപി, ജെഡിഎസ് നേതാക്കൾ ശക്തമായി പ്രചാരണ രംഗത്തിറങ്ങിയിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സന്ദൂറിൽ ബെല്ലാരി എംപി തുക്കാറാമിന്റെ ഭാര്യ ഇ. അന്നപൂർണയാണു മത്സരിക്കുന്നത്. ഭർത്താവ് ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കുവേണ്ടി എസ്ടി മോർച്ച പ്രസിഡന്റ് ബംഗാരു ഹനുമന്തു ആണ് മത്സരിച്ചത്. 9,568 വോട്ടുകളാണു ഭൂരിപക്ഷം.
ഷിഗ്ഗാവിൽ ബിജെപിയുടെ ഭാരത് ബൊമ്മ 14,000ൽ പരം വോട്ടുകൾക്കു പിന്നിലാണ്. മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ മകനാണ് ഭാരത്. ഇവിടെ കോൺഗ്രസിനുവേണ്ടി യാസിർ അഹമ്മദ് ഖാൻ പഠാൻ ആണ് മത്സരിക്കുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബൊമ്മയ്‌ക്കെതിരെ മത്സരിച്ചു പഠാൻ പരാജയപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപി മുന്നേറ്റം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്. തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുമ്പോള്‍ രണ്ടിടിത്ത് സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍.
കഠേഹാരി, മീരാപ്പൂര്‍, കുന്ദര്‍ക്കി, ഗാസിയ ബാദ്, ഖൈര്‍, മജവാന്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കര്‍ഹാല്‍, സിഷാമൗ മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍. ഇരുപാര്‍ട്ടികള്‍ക്കും ലീഡ് ചെയ്യുന്ന സ്ഥലങ്ങളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.