ന്യൂഡൽഹി : പാർലമെൻ്റ് ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞു. ലോക്‌സഭയും രാജ്യസഭയും ബുധനാഴ്ച വരെ നിർത്തിവച്ചു. അദാനി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് സഭ പിരിഞ്ഞത്. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തടഞ്ഞു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. നാളെ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായ ആഘോഷങ്ങൾ നടക്കുന്നതിനാൽ സഭ സമ്മേളിക്കുന്നില്ല.
അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല സംഭവവികാസങ്ങൾ, സാമ്പത്തിക ക്രമക്കേട്, ഓഹരി കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ്, കൽക്കരി വില വർദ്ധിപ്പിച്ചത്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നോട്ടീസിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചു.
ദുരന്തനിവാരണ ഭേദഗതി ബിൽ, വഖഫ് നിയമ ഭേദഗതി, ഉൾപ്പെടെ 16 ബില്ലുകൾ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ പരിഗണിക്കും. ഇരുപതോളം ബില്ലുകൾ ചർച്ചചെയ്യാനാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. സിപിഐ എം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് സീറോ അവർ നോട്ടീസിലൂടെ കേരളത്തിലെ വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു.
വഖഫ് നിയമഭേദഗതി ബില്ല് പാർലമെൻ്റിൽ ചർച്ച ചെയ്യാനിരിക്കെ ബില്ലിനെ എംപിമാരായ കെ രാധാകൃഷ്ണനും ഇ ടി മുഹമ്മദ് ബഷീറും എതിർത്തു. ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് വഖഫ് നിയമഭേദഗതി ബില്ല്. മതപരമായ കാര്യങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമായാണ് ബില്ലിനെ കാണുന്നതെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. വഖഫ് നിയമഭേദഗതി ബില്ല് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. എന്നാൽ ആശങ്കകൾ പരിഹരിച്ചാൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.
പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി പാർലമെൻ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്നും ജനങ്ങൾ തിരസ്കരിച്ചവർ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. സഭ സ്തംഭിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഇത്തരം പാർടികൾക്ക് അധികാരത്തോട് ആർത്തിയാണ്. അവരുടെ പ്രവർത്തനങ്ങൾ ജനം നിരീക്ഷിക്കുന്നുണ്ടെന്നും അവസരം കിട്ടുമ്പോഴെല്ലാം അവർ ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രതിപക്ഷത്തിനെതിരെ മോദി വിമർശനം ഉന്നയിച്ചത്.