മങ്കടയിൽ കരാർ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ഓഫാക്കിയ വൈദ്യുത ലൈനിലേക്ക് ബിഎസ്എൻഎൽ ഓഫിസിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് സംഘം കണ്ടെത്തി.
മങ്കട കെഎസ്ഇബി സെക്ഷൻ ഓഫീസിന് കീഴിലെ കരാർ ജീവനക്കാരനായ മണിയറയിൽ ഷബീർ ആണ് എയർ ബ്രേക്കിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം ഷോക്കേറ്റ് മരണപ്പെട്ടിരുന്നത്. ജനറേറ്ററിൽ നിന്നും വൈദ്യുതി വൈദ്യുത ലൈനിലേക്ക് പ്രവഹിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ബിഎസ്എൻഎൽ ഓഫിസിൽ നടത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
കുറ്റകരമായ അനാസ്ഥ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ബിഎസ്എൻഎൽ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, മങ്കട സെക്ഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലെ റിപ്പോർട് മങ്കട പൊലീസിനു കൈമാറി. മരണപ്പെട്ട ഷബീറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മങ്കട ജുമാമസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.