കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൻ്റെ നിർമാതാക്കൾ സ്വന്തം കയ്യിൽ നിന്ന്ചില്ലിക്കാശ് മുടക്കിയിട്ടില്ലെന്ന് പോലീസ്. നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള പറവ ഫിലിംസിൻ്റെ ഉടമകൾക്കെതിരായ വഞ്ചന കേസിലാണ് പോലീസിൻ്റെ കണ്ടെത്തൽ. നിരവധി പേരിൽ നിന്നായി 28 കോടി രൂപ പറവ ഫിലിംസിൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും സിനിമയ്ക്ക് ആകെ ചെലവായത് 19 കോടി രൂപയിൽ താഴെയാണെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പറവ ഫിലിംസിൻ്റെ അക്കൗണ്ടിലേക്ക് പലരിൽ നിന്നായി 28 കോടി രൂപയാണ് എത്തിയത്. എന്നാൽ, സിനിമയ്ക്ക് ചെലവായത് 19 കോടി രൂപയിൽ താഴെയാണ്.സിനിമ നിർമാണത്തിൻ്റെ ജിഎസ്ടിയിൽ നിന്നാണ് ഇക്കാര്യങ്ങൾ പോലീസ് കണ്ടെത്തിയത്. പോലീസ് റിപ്പോർട്ടിൽ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പരാമർശമുണ്ട്. സിനിമയുടെ റിലീസ് സമയത്ത് പ്രതിസന്ധി ഉണ്ടായപ്പോൾ സുജിത്ത് 11 കോടി രൂപ കൈമാറിയിരുന്നതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. സിറാജ് ഹമീദ് എന്ന വ്യക്തിയാണ് ചിത്രത്തിൻ്റെ ആദ്യ മുടക്കുമുതലായ ഏഴ് കോടി രൂപ നൽകിയത്.
സിനിമയുടെ 40 ശതമാനം ലാഭവിഹിതം നൽകാമെന്നായിരുന്നു കരാർ. ഈ കരാർ നിർമാതാക്കൾ പാലിച്ചില്ല. ഇതാണ് പോലീസ് കേസിലേക്ക് നയിച്ചത്. മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൻ്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ മുടക്കുമുതലോ ലാഭവിഹിതമോ നൽകാതെ ചതിച്ചുവെന്നായിരുന്നു സിറാജ് ഹമീദിൻ്റെ ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിൻ്റെയും ഇഡിയുടെയും അന്വേഷണം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി പറവ ഫിലിംസിൻ്റെ ഓഫീസിലും നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.