മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. മുംബൈ ആസാദ് മൈതാനിയില്‍ വിപുലമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുളള രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം.
മൂന്നാം തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവിയിലേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് എത്തുന്നത്. മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന വിപുലമായ ചടങ്ങില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, ജെ പി നദ്ദ, നിതിന്‍ ഗഡ്ഗരി, എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ കീഴ്‌വഴക്കങ്ങള്‍ മറികടന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ. ഗവര്‍ണര്‍ ചൊല്ലി കൊടുത്ത സത്യവാചകത്തിന് പകരം ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്തുകയാണ് ഏക്‌നാഥ് ഷിന്ദെ ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായി അദ്ദേഹം മഹാരാഷ്ട്രയിലെ ജനങ്ങളോടും നന്ദി പറയാന്‍ തുടങ്ങിയതോടെ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു.
ശിവസേന സ്ഥാപകനായ ബാല്‍ താക്കറയെ ‘ ഹിന്ദു ഹൃദയ സാമ്രാട്ട് ‘ എന്ന് വിശേഷിപ്പിച്ചാണ് ഷിന്ദെ വാചകം ആരംഭിച്ചത്. ഇതിനുപിന്നാലെ വേദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്താനും ഷിന്ദെ സത്യപ്രതിജ്ഞ വേദി ഉപയോഗിക്കുകയായിരുന്നു. ഇതോടെ വേദിയിലുള്ള മറ്റ് മുഖ്യമന്ത്രിമാരും രാഷ്ട്രിയ നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ചു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ അടക്കം മുംബൈയിലെ ബോളിവുഡ് താരനിരയും വ്യവസായ ഭീമന്മാരായ അംബാനി, ബിര്‍ല കുടുംബവും ഉള്‍പ്പെടെ രണ്ടായിരത്തോളം വിവിഐപികള്‍ എത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്.