back to top
Saturday, December 28, 2024
Google search engine
HomeLatest Newsഉന്നതവിദ്യാഭ്യാസ രംഗത്തെ മികവ്; പിഎം ഉഷ പദ്ധതി വഴി സംസ്ഥാനത്തിന് 405 കോടിയുടെ സമഗ്ര...

ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവ്; പിഎം ഉഷ പദ്ധതി വഴി സംസ്ഥാനത്തിന് 405 കോടിയുടെ സമഗ്ര ധനസഹായം

നാക് പരിശോധനകളിലും എന്‍ ഐ ആര്‍ എഫ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങുകളിലും തിളങ്ങിനില്‍ക്കുന്ന കേരളത്തിനുള്ള വലിയ അംഗീകാരം കൂടിയായി ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിനായി അംഗീകരിച്ചു. മൂന്നു സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടി രൂപ കേരളം നേടി. മുന്‍വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ച നിലയിലാണ് ഇത്രയും തുക നാം നേടിയെടുത്തിരിക്കുന്നത്.

മള്‍ട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റീസ് വിഭാഗത്തില്‍ മൂന്നു സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നല്‍കുന്നത്. ഉന്നതവിദ്യാഭ്യാസ കുതിപ്പില്‍ കൂടുതല്‍ പിന്തുണയര്‍ഹിക്കുന്ന മലബാറിന് പ്രത്യേക പരിഗണന നല്‍കുകയെന്ന നയത്തിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്.

ഗ്രാന്റ്‌സ് ടു സ്‌ട്രെങ്തന്‍ യൂണിവേഴ്‌സിറ്റീസ് വിഭാഗത്തില്‍ എം ജി സര്‍വ്വകലാശാലയ്ക്ക് ഇരുപതു കോടി രൂപ ലഭിക്കും. ഗ്രാന്റ്‌സ് ടു സ്‌ട്രെങ്തന്‍ കോളേജസ് വിഭാഗത്തില്‍ 11 കോളേജുകള്‍ക്ക് അഞ്ചു കോടി രൂപ വീതം ലഭിക്കും. ജന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് ഇക്വിറ്റി വിഭാഗത്തില്‍ വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് പത്തു കോടി രൂപ വീതവും ലഭിക്കും. മൊത്തം ഫണ്ടിങ് തുകയുടെ അറുപതു ശതമാനം കേന്ദ്ര സര്‍ക്കാരും നാല്പത് ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ചെലവഴിക്കുക.

സനാതന ധര്‍മ്മ കോളേജ് ആലപ്പുഴ. മാറമ്പള്ളി എം ഇ എസ കോളേജ്, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ്, ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് സാമൂറിന്‍ ഗുരുവായൂരപ്പന്‍ കോളേജ്, മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്‌ള്യു എം ഓ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ വീതം നല്‍കുക.

മികവ് വളര്‍ത്തിയെടുക്കുന്നതിലൂടെയും വിദ്യാഭ്യാസത്തില്‍ തുല്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ളതാണ് പിഎം ഉഷ പദ്ധതിക്ക് കീഴില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുക പങ്കിട്ട് നടപ്പാക്കുന്ന ഈ സംരംഭങ്ങള്‍. പി എം ഉഷ പദ്ധതിയുടെ പൂര്‍വരൂപമായ റൂസയുടെ റൂസ-ഒന്ന് പദ്ധതിയില്‍ 194 കോടി രൂപയും, റൂസ-രണ്ട് പദ്ധതിയില്‍ 366 കോടിയും നേടിയെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പാശ്ചാത്തലസൗകര്യവികസനത്തില്‍ വന്‍ കുതിപ്പ് കേരളം നേടിയെടുത്തിരുന്നു. ഈ മുന്നേറ്റത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുന്‍ഘട്ടങ്ങളെ അപേക്ഷിച്ച് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തുക കേരളം ലഭ്യമാക്കിയിരിക്കുന്നത്

നാക് അക്രെഡിറ്റേഷനുകളിലും എന്‍ ഐ ആര്‍ എഫ് റാങ്കിങിലുമടക്കം വലിയ കുതിച്ചുകേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിന് അംഗീകാരമായാണ് പി എം ഉഷ പദ്ധതിയുടെ പ്രോജക്ട് അപ്പ്രൂവല്‍ ബോര്‍ഡില്‍ ഇത്രയും തുകയ്ക്കുള്ള അംഗീകാരം കേരളത്തിന് നേടിയെടുക്കാനായത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ഏജന്‍സിയായ നാക് പരിശോധനയില്‍ കേരള, എംജി സര്‍വ്വകലാശാലകള്‍ക്ക് രാജ്യത്തെ ഉയര്‍ന്ന ഗ്രേഡ് ആയ എ ഡബിള്‍ പ്ലസ് ലഭിച്ചിരുന്നു. കാലിക്കറ്റ്, സംസ്‌കൃത, കൊച്ചി സര്‍വകലാശാലകള്‍ക്ക് എ പ്ലസും ലഭിച്ചു. സംസ്ഥാനത്തെ 269 കോളേജുകള്‍ക്ക് നാക് അംഗീകാരം ലഭിച്ചപ്പോള്‍, 27 കോളേജുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗ്രേഡ് ആയ എ ഡബിള്‍ പ്ലസ് സ്വന്തമായി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ് ഏജന്‍സിയായ എന്‍ ഐ ആര്‍ എഫ് 2024 പട്ടികയിലും ഇതിനെ അതിശയിക്കുന്ന മിന്നുന്ന മുന്നേറ്റം കേരളമുണ്ടാക്കി. എന്‍ ഐ ആര്‍ എഫ് 2024 പട്ടികയില്‍ രാജ്യത്തെ മികച്ച നൂറു സര്‍വ്വകലാശാലകളില്‍ കേരളത്തില്‍ നിന്ന് നാല് സര്‍വ്വകലാശാലകള്‍ ഇടം പിടിച്ചു. സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ കേരള സര്‍വകലാശാല 9, കൊച്ചി സര്‍വ്വകലാശാല 10, എംജി സര്‍വകലാശാല 11 എന്നീ റാങ്കുകള്‍ നേടി.

രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളില്‍ 42 എണ്ണം കേരളത്തില്‍ നിന്നാണിപ്പോള്‍. ആദ്യത്തെ നൂറില്‍ 16 കോളേജുകള്‍ കേരളത്തിലുള്ളവയാണ്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് രാജ്യത്തെ മികച്ച ഇരുപതാമത്തേയും തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഇരുപത്തിരണ്ടാമത്തേയും കോളേജുകളായി ഉയര്‍ന്നു. .

ആഗോളപ്രശസ്ത റാങ്കിംഗ് ഏജന്‍സിയായ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിങ്ങില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനവും ഏഷ്യയില്‍ 134 -ആം സ്ഥാനവും കരസ്ഥമാക്കിയതും ഇതേ മികവിന്റെ അടിസ്ഥാനത്തിലാണ്. ക്യു എസ് റാങ്കിങ്ങിന്റെ ഏഷ്യന്‍ പട്ടികയില്‍ കേരള സര്‍വകലാശാലയ്ക്ക് 339 -ആം സ്ഥാനം ലഭിച്ചപ്പോള്‍, ലോകത്തെ മികച്ച ആയിരം സര്‍വ്വകലാശാലകളില്‍ കൊച്ചിന്‍ സര്‍വ്വകലാശാലയും ഉയര്‍ന്നു നില്‍ക്കുകയാണ്. പ്രഥമ ടൈംസ് എഡ്യൂക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി റാങ്കിങ്ങിലും കൊച്ചി സര്‍വകലാശാല ഇടം നേടിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലേതിന് സമാനമായി ഫലപ്രാപ്തിയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാം നടപ്പായതോടെ സംസ്ഥാനത്തെ സര്‍വകലാശാല, കോളേജ് വിദ്യാഭ്യാസം ലോക നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഈ മികവുകളെല്ലാം ചേര്‍ന്ന് കേരളമുണ്ടാക്കുന്ന സുപ്രധാന ഉന്നതവിദ്യാഭ്യാസ നാഴികക്കല്ലാണ് പി എം ഉഷ പദ്ധതിയില്‍ നേടിയെടുത്തിരിക്കുന്ന 405 കോടി രൂപയുടെ പദ്ധതി അംഗീകാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments