back to top
Wednesday, February 5, 2025
Google search engine
HomeLatest Newsനിർധന കുടുംബത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ നിർമ്മിച്ചു നൽകിയ വീ‍ട് മുഖ്യമന്ത്രി കുടുംബ സമേതം എത്തി പാല്...

നിർധന കുടുംബത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ നിർമ്മിച്ചു നൽകിയ വീ‍ട് മുഖ്യമന്ത്രി കുടുംബ സമേതം എത്തി പാല് കാച്ചി

പാവപ്പെട്ട കുടുംബത്തിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിർമ്മിച്ചു നൽകിയ വീ‍ട് മുഖ്യമന്ത്രി പിണറായിവിജയൻ കുടുംബ സമേതം എത്തി പാല് കാച്ചി. ആരോരും ഇല്ലാത്ത അജിതയും ആര്യയും അമൃതയും ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ വരുമാനത്തിലെ ഒരു പങ്ക് മാറ്റിവെച്ചാണ് വീട് നിർമ്മിച്ച് നൽകിയത്.

മുഖ്യമന്ത്രിയും ഭാര്യ കമല ടീച്ചറും ചെറുമകൻ ഇഷാൻവിജയും കൊല്ലം കടയ്ക്കൽ കോട്ടപുറത്തെ മൂന്നംഗ കുടുംബത്തിനൊപ്പം ആര്യാമൃതത്തിലെ അടുക്കളയിൽ പാല് കാച്ചി. നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ മനുഷ്യ സ്നേഹികൾ ഒപ്പം ഉണ്ടെന്ന് അജിതയോടും മക്കളോടും പറയാതെ പറഞ്ഞു. ധൈര്യം പകർന്നു. പിന്നീട് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.

ചടങ്ങിൽ പങ്കെടുത്തതിൻ്റെ അനുഭവങ്ങൾ പങ്ക് വെച്ചു കൊണ്ട് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്……

അടച്ചുറപ്പുള്ള വീടിൻ്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ്സ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസ്സഹായത തിരിച്ചറിഞ്ഞു വീട് നിർമ്മിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രതിഫലനമാണ്.

കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വി.എച്. എസ്. എസിലെ മിടുക്കരായ വിദ്യാർത്ഥികൾക്കും അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ വീടൊരുക്കിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമ്മാണത്തിനായി മാറ്റി വെച്ചത്. അസുഖബാധിതയായ അമ്മ മാത്രമുള്ള ഈ കുഞ്ഞുങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വീട് നിർമ്മാണത്തിനായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു. ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട് യാഥാർത്ഥ്യമാക്കിയ ഈ സ്‌നേഹവീടിൻ്റെ താക്കോൽദാനത്തിന് പങ്കുചേർന്നത് മനസ്സിനെ ആഴത്തിൽ സ്പർശിച്ച അനുഭവമായിരുന്നു. വീട് നിർമ്മിക്കാൻ മുന്നോട്ടുവന്ന സുരക്ഷാ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. രണ്ട് പെൺകുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തെ ചേർത്തുനിർത്തിയ നാട്ടുകാർക്കും ആശംസകൾ. പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിൻ്റെ പാരമ്പര്യം. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് വെറും വാക്കല്ല, ഒരു ജനതയെന്ന നിലയ്ക്ക് നാം അടിയുറച്ചു വിശ്വസിക്കുന്ന ഉറപ്പാണത്.

പിണറായി വിജയൻ

വീടിൻ്റെ മുറ്റത്ത് മുഖ്യമന്ത്രിയുടെ ചെറുമകൻ ഇഷാൻവിജയ് തെങിൻ തൈ നട്ടു. അജിതയും മക്കൾ അമൃതയും ആര്യയും തങ്ങളെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോടും അദ്ദേത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭൂമി നൽകിയ പള്ളിയമ്പലം ജയചന്ദ്രനും നന്ദി അറിയിച്ചു.

ഡജിപി ഷെയിക് ദർബേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, വിജയൻ, ശ്രീജിത്ത്, ഐ.ജി അജിതാ ബീഗം സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെ വരദരാജൻ, എസ് രാജേന്ദ്രൻ തുടങ്ങിയവരും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments