back to top
Wednesday, February 5, 2025
Google search engine
HomeLatest News'ഒരിടത്ത് പുൽക്കൂട് വണങ്ങുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു; ഊതിക്കൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണിത്':മാർ മിലിത്തിയോസ്

‘ഒരിടത്ത് പുൽക്കൂട് വണങ്ങുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു; ഊതിക്കൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണിത്’:മാർ മിലിത്തിയോസ്

തൃശ്ശൂര്‍: ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹാസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ദില്ലിയില്‍ നടന്നത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ എന്നാണ് മാർ മിലിത്തിയോസിന്റെ പരിഹാസം.

കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുകയാണ് യൂഹാനോൻ മാർ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുൽക്കൂട് വണങ്ങുന്നു, പാലക്കാട് പുൽക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാർട്ടി തന്നെയാണ് പാർട്ടിയുടെ ആളുകൾ തന്നെയാണ് ഇത് ചെയ്യുന്നതെന്ന്. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നതെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ഊതിക്കൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പരിഹസിച്ചു. അംബേദ്കറുടെ പ്രതിമ തകർക്കപ്പെട്ടു, ഒരു തെരഞ്ഞെടുപ്പിനായി നിയമഭേദഗതി പാർലമെന്റിൽ എത്തിക്കുന്നു, ബിജെപിയുടെ നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നതെന്നും മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഹൈന്ദവ പ്രതീകങ്ങൾ ഉണ്ടെന്ന് പറഞ്ഞ കോടതിയിൽ പോവുന്നതും അതിന് വേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നത്. ഇതെല്ലാം മറച്ചു പിടിക്കാനുള്ള തലോടലാണ് ബാക്കിയെല്ലാമെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു.

ജുഗുപ്സാവഹമായ ഇരട്ടത്താപ്പിൻ്റെ പ്രകടനമാണ് ഇതെല്ലാം. അതാണ് തൃശൂരിൽ ഒരു ബിജെപി സ്ഥാനാർത്ഥി ജയിക്കാൻ ഇടയായത്. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസ്സിലാക്കേണ്ടതാണ്. സവർണ ഹൈന്ദവ നേതൃത്വം മാത്രം മതി എന്ന സവർക്കറുടെ ചിന്തയെ നിലനിൽക്കുന്ന സാഹചര്യത്തിനനുസരിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണിത്. പ്രധാനമന്ത്രിയെ കാണാൻ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കൾ ഇക്കാര്യം പ്രധാനമന്ത്രിയോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments