മോഹൻലാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ബറോസിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി. ”ഇത്രകാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു. പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി”. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
‘ബറോസ്’ ക്രിസ്മസ് റിലീസ് ആയി നാളെയാണ് തിയറ്ററുകളിലെത്തുന്നത്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ചിത്രത്തിൻ്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. പ്രമുഖ സെന്ററുകളിലെല്ലാം നാളത്തെ ഷോകളില്‍ വലിയൊരു ശതമാനം ഫാസ്റ്റ് ഫില്ലിംഗ് ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിൻ്റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്നില്‍ക് അറിയിക്കുന്നു. 184 രൂപ ആവറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ 17 ഷോകളും ഇവര്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നും ഇവര്‍ അറിയിക്കുന്നു.
റിലീസിന് മൂന്നോടിയായി ചിത്രത്തിൻ്റെ പ്രിവ്യൂ ഇന്നലെ ചെന്നൈയിൽ നടന്നു. നടി രോഹിണി, വിജയ് സേതുപതി, മണി രത്നം എന്നിവർക്കൊപ്പം പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലുമൊക്കെ ചിത്രം കാണാൻ എത്തിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കിയത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയൻ നാദസ്വരമാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.
നാളെയാണ് ബറോസ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 47 വർഷം തികയുന്ന തൻ്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.