പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് നമ്മളെല്ലാവരും. ഇങ്ങ് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട് ‘പുതുവര്‍ഷാഘോഷം’! പുതിയ വര്‍ഷം പിറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു ഉല്‍ക്കാവര്‍ഷമാണ് വിസ്മയക്കാഴ്ചയാകാന്‍ ആകാശത്തൊരുങ്ങുന്നത്.
ക്വാഡ്രൻ്റിഡ് എന്നറിയപ്പെടുന്ന ഉല്‍ക്കാവര്‍ഷം ഡിസംബര്‍ 27 മുതല്‍ തന്നെ ദൃശ്യമാണ്. ഉല്‍ക്കാവര്‍ഷം അതിന്റെ പാരമ്യത്തിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ജനുവരി മൂന്ന്, നാല് തിയ്യതികളിലാണ് ഈ ഉല്‍ക്കാവര്‍ഷം സജീവമാകുക. ഇന്ത്യയുടെ ആകാശത്തും ഈ വാനവിസ്മയം ദൃശ്യമാകും.
ക്വാഡ്രൻ്റിഡ് ജനുവരി 16 വരെ നീണ്ടുനില്‍ക്കുമെങ്കിലും മൂന്ന്, നാല് തിയ്യതികളിലാണ് ഇന്ത്യയില്‍ വ്യക്തമായി കാണാന്‍ കഴിയുക. മണിക്കൂറില്‍ 80 മുതല്‍ 120 വരെ ഉല്‍ക്കകളെ ഇത്തവണത്തെ ക്വാഡ്രന്റിഡില്‍ കാണാന്‍ കഴിയുമെന്ന് ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്ലാനറ്റേറിയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സുമിത് ശ്രീവാസ്തവ പറഞ്ഞു. പുലര്‍ച്ചെയാണ് ഇത് കാണാന്‍ കഴിയുകയെന്നും ഈ സമയം പ്ലാനറ്റേറിയത്തില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍ക്കാവര്‍ഷം കാണാനായി ടെലിസ്‌കോപ്പ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ ഉണ്ടാകുന്ന ഉല്‍ക്കാവര്‍ഷമാണ് ക്വാഡ്രന്റിഡ് എന്നറിയപ്പെടുന്നത്. സാധാരണ ഉല്‍ക്കാവര്‍ഷങ്ങള്‍ ധൂമകേതുക്കളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. എന്നാല്‍ ക്വാഡ്രന്റിഡ് (196256) 2003 EH1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ ഛിന്നഗ്രഹത്തിന് ഒരുതവണ സൂര്യനെ ചുറ്റിവരാന്‍ 5.52 വര്‍ഷം വേണം.