back to top
Wednesday, January 1, 2025
Google search engine
HomeLatest Newsനിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി; ഒരു മാസത്തിനകം നടപ്പാക്കിയേക്കും

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി; ഒരു മാസത്തിനകം നടപ്പാക്കിയേക്കും

ദുബായ്: യെമന്‍ പൗരനായ യുവാവു കൊല്ലപ്പെട്ട കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി. യെമന്‍ പ്രസിഡൻ്റാണ് അനുമതി നല്‍കിയത്. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വധശിക്ഷക്ക് വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. മോചനശ്രമവുമായി എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്ക്കായി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 ഡോളര്‍ നല്‍കിയിരുന്നു. യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് നിമിഷപ്രിയക്ക് എതിരെയുള്ള കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.

കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.

ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments