തിരുവനന്തപുരം: വയനാട്ടില്‍ ആത്മഹത്യചെയ്ത ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. വീട്ടിലാണ് കത്ത് ലഭിച്ചത്. താനത് വായിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘എനിക്ക് കത്ത് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ കിടക്കുകയാണ്. ശനിയാഴ്ചയാണ് തന്നത് എന്നാണ് എന്റെ ഓര്‍മ. കത്ത് ഞാന്‍ തുറന്നുനോക്കിയിട്ടില്ല. അതില്‍ എന്തെഴുതി എന്നറിയില്ല. കത്ത് വായിട്ടിച്ചില്ല’, എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.
കെ.പി.സി.സി. ഇടപെടേണ്ട വിഷയമാണെങ്കില്‍ നിശ്ചയമായും വിഷയത്തിൽ ഇടപെടും. പാര്‍ട്ടി വിരുദ്ധനടപടിയാണ് ചെയ്തതെങ്കില്‍ ഏത് കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അന്വേഷണവും നടപടിയും ഉണ്ടാവും. സാമ്പത്തിക കാര്യങ്ങള്‍ ഏതുപാര്‍ട്ടിക്കാരാണെങ്കിലും സത്യസന്ധമായി കൈകാര്യംചെയ്യണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായെന്നും നിയമനവുമായി ബന്ധപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും പണം വാങ്ങിയെന്നും കെ. സുധാകരന് അയച്ച കത്തില്‍ വിജയന്‍ എഴുതിയിരുന്നു. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റേയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും പേരുകളും എന്‍.എം. വിജയന്‍ എഴുതിയ കത്തിലുണ്ടെന്നാണ് വിവരം.
പിതാവ് ആവശ്യപ്പെട്ടിരുന്നത് പ്രകാരം കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തെന്നും പാര്‍ട്ടി നേതൃത്വത്തില്‍നിന്നും ഇടപെടല്‍ ഉണ്ടാവുമോ എന്നറിയാനാണ് പത്ത് ദിവസം കാത്തിരുന്നതെന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും എന്‍.എം. വിജയന്റെ മകള്‍ പറഞ്ഞിരുന്നു.