അഞ്ചു ദിവസം നീണ്ടു നിന്ന പ്രൗഢ ഗംഭീരമായ 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. ‘ഏതൊരു വൈബാണ് പരിപാടിക്ക്’ എന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ വാക്കുകൾ തുടങ്ങി വച്ചത്. സംസ്ഥാനം നടത്തുന്ന ഏറ്റവും വലിയ പരിപാടി കലാപരിപാടിയാണ് സ്കൂൾ കലോത്സവമെന്നും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് കൊണ്ടു പോകാൻ പരിപാടിക്ക് കഴിഞ്ഞെന്നും വിഡി സതീശൻ പറഞ്ഞു.
കലയെ ഞെഞ്ചോട് ചേർത്ത ഈ കുട്ടികളെല്ലാം സംസ്ഥാനത്തിന്‍റെ വാഗ്ദാനമാണ്. തലസ്ഥാന നഗരിയിൽ നടന്ന ഈ യുവജനോത്സവം പരാതികളില്ലാതെ ഭംഗിയായി അവസാനിപ്പിക്കാൻ പ്രയത്നിച്ച മന്ത്രി വി ശിവൻകുട്ടിയേയും വിദ്യാഭ്യാസ വകുപ്പിനെയും, അധ്യാപക സംഘടനകൾ ഉൾപ്പടെയുള്ളവരെയും അദ്ദേഹം അഭിനന്ദിച്ചു. വരാനിരിക്കുന്ന കലോത്സവങ്ങൾ ഇതിനേക്കാൾ ഭംഗിയായി നടത്താനുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായ സമാപന സമ്മേളന വേദിയിൽ ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ്, മന്ത്രിമാരായ വി ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, കെഎൻ ബാലഗോപാൽ, ആർ ബിന്ദു തുടങ്ങിയവരും സന്നിഹിതരായിരുന്നു.