തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മക്കളുടെ മൊഴികളില്‍ വൈരുധ്യമെന്ന് പൊലീസ്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചു എന്നാണ് മക്കളില്‍ ഒരാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നു എന്നാണ് മറ്റൊരാളുടെ മൊഴി. കൂടാതെ ഒരു ബന്ധുവിന്റെ മൊഴിയിലും വൈരുദ്ധ്യമുണ്ട് എന്നും പൊലീസ് പറയുന്നു. ഗോപന്‍ സ്വാമി മരിക്കുന്ന സമയത്ത് രാജസേനന്‍ എന്ന മകനായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
സമാധിയാകാന്‍ സമയമായി എന്നുറപ്പിച്ച ശേഷം ഗോപന്‍ സ്വാമി വീട്ടില്‍ നിന്നിറങ്ങി നടന്ന് സമാധി പീഠത്തിലേക്ക് പോയി. തുടര്‍ന്ന് മണിക്കൂറുകള്‍ സമയമെടുത്ത് പൂജ അടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് വ്യാഴാഴ്ച 11 മണിയോടെ സമാധിയായി. അതിനു ശേഷം അന്ന് വൈകിട്ടോടെ ഗോപന്‍ സ്വാമി സമാധിയായെന്ന പോസ്റ്റര്‍ പതിച്ചു. പോസ്റ്റര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ പ്രശ്‌നമുണ്ടാക്കി എന്നാണ് ഒന്നാമത്തെ മകന്റെ മൊഴി. മരിച്ച ശേഷം സമാധി സ്ഥലത്തേക്ക് കൊണ്ടു വച്ചു എന്ന് രണ്ടാമത്തെ മകനും പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച 10.30ന് ഗോപന്‍ സ്വാമിയെ കാണുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടക്കയിലായിരുന്നു. കിടപ്പിലായ അദ്ദേഹം എങ്ങനെ നടന്ന് സമാധി സ്ഥലത്തേക്ക് പോകും എന്നുള്ള മറ്റൊരു മൊഴി കൂടി ബന്ധുവില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
പൊലീസ് വിഷയത്തില്‍ മിസ്സിംഗ് കേസ് മാത്രമാണ് എടുത്തിരിക്കുന്നത്. ദുരൂഹതകള്‍ നീക്കാന്‍ ആദ്യം വേണ്ടത് ഗോപന്‍ സ്വാമി എങ്ങിനെ മരിച്ചു എന്ന് സ്ഥിരീകരിക്കുകയാണ്. അതിനായി കല്ലറ തുറന്ന് അതില്‍ മൃതദേഹം ഉണ്ടെന്ന് ഉറപ്പിക്കണം. ഇതിനുള്ള അനുമതി കലക്ടറോട് തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ സമാധി തുറക്കും. മൃതദേഹം ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാനും മരണം എങ്ങനെ നടന്നു എന്ന് കണ്ടെത്താനുമാണ് തീരുമാനം. മരിച്ച ശേഷം കൊണ്ട് വച്ചതാണോ, സമാധി പീഠത്തില്‍ ഇരിക്കുന്ന സമയത്ത് ശ്വാസം മുട്ടി മരിച്ചതാണോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാന്‍ ഉണ്ട്.