തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി കൃഷി വകുപ്പിനെ ആശ്രയിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മാന്യമായ പെരുമാറ്റവും പരിഗണനയും ഉറപ്പുവരുത്തുന്നതിന് കൃഷിവകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് അവർ ബന്ധപ്പെടുന്ന കാർഷിക സംബന്ധമായ വിഷയങ്ങളിൽ പൊതു സേവകൻ എന്ന നിലയിൽ മാന്യമായ പരിഗണന നൽകേണ്ടതും സമയബന്ധിതമായി അവരുടെ ആവശ്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതും ജീവനക്കാരന്റെ കടമയാണെന്ന് സർക്കുലറിൽ സൂചിപ്പിക്കുന്നു.
കൃഷിവകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷകളുടെയും പരാതികളുടെയും നിലവിലെ സ്ഥിതി ആരാഞ്ഞുകൊണ്ട് ഫോൺ മുഖാന്തിരവും നേരിട്ടും ബന്ധപ്പെടുന്ന പൊതു ജനങ്ങളോട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാന്യമല്ലാത്ത പെരുമാറ്റം അപൂർവമായി ഉണ്ടാകുന്നു എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ സർക്കുലർ പുറപ്പെടുവിച്ചത്.
മേൽ ആവശ്യങ്ങൾ ആരാഞ്ഞുകൊണ്ടും മറ്റ് കാർഷിക സംബന്ധമായ ആവശ്യങ്ങൾക്കായും ഫോൺ മുഖാന്തരവും നേരിട്ടും ബന്ധപ്പെടുന്ന പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാന്യമായ പെരുമാറ്റവും പരിഗണനയും ഉണ്ടാകുന്നു എന്നത് വകുപ്പ് സ്ഥാപന മേധാവികൾ ഉറപ്പാക്കേണ്ടതും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
ഓരോ കൃഷി ഭവനുകളുടെയും പ്രവർത്തനം വിലയിരുത്തുന്നതിന് വെളിച്ചം പദ്ധതി പ്രകാരം ക്യു.ആർ കോഡ് സ്ഥാപിച്ചിട്ടുണ്ട്. പൊതു ജനങ്ങൾക്ക് അതിലൂടെ കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള സൗകര്യം ഉണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.