അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് രാജ്യം. ആയിരങ്ങളാണ് അന്ത്യഞ്ജലിയർപ്പിക്കാൻ ദില്ലിയിലെ എകെജി ഭവനിൽ എത്തിയത്. യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ പൊതുദർ ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ പൊതുദർശനം തുടരും. ശേഷം വിലാപയാത്രയോടെ ദില്ലി എയിംസിലെത്തി മൃതദേഹം കൈമാറും.
ഇന്നലെ വൈകിട്ട് ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതശരീരം വസന്ത് കുഞ്ചിലെ യെച്ചൂരിയുടെ വസതിയില്‍ എത്തിച്ചിരുന്നു. നിരവധി നേതാക്കള്‍ വസതിയില്‍ എത്തി പ്രിയ സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉള്‍പ്പെടെ വസതിയില്‍ എത്തിയിരുന്നു.സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ചന്ദ്രബാബു നായിഡു എന്നിവർ വസതിയില്‍ എത്തി അനുശോചനം രേഖപ്പെടുത്തി. രാഷ്രീയ ഭേദമന്യേ നിരവധി നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദില്ലി എംയിസിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.05 ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്.
എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല. സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്ലമെന്റേറിയന് കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.