പട്ന: ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്ന് ചോദിച്ച തേജസ്വി യാദവ്, എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.
‘മുസ്ലീങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ബി.ജെ.പി. എം.എല്‍.എ. പറഞ്ഞിരിക്കുന്നത്. ഇത് അയാളുടെ അച്ഛന്റെ സംസ്ഥാനമാണോ? ആരാണയാള്‍? എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു പ്രസ്താവനയിറക്കാന്‍ സാധിച്ചത്?’ ആര്.ജെ.ഡി. നേതാവായ തേജസ്വി യാദവ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് അബോധാവസ്ഥയിലാണ്. ദളിത് വനിതകള്‍ അവരുടെ അവകാശത്തേയും അഭിമാനത്തെയും കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം അവരെ ശകാരിക്കും. അദ്ദേഹത്തിന് ഈ എം.എല്‍.എയെ ശകാരിക്കാന്‍ ധൈര്യമുണ്ടോ. ജെ.ഡി.യുവിന് ഇപ്പോള്‍ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നിറമാണ്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കസേരയല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലെന്നും തേജസ്വി യാദവ് ആരോപിച്ചു.