ചെന്നൈയിലായിരുന്നു മെയ്യഴകൻ്റെ ചിത്രീകരണം. അമ്പത് ദിവസത്തിലേറെ രാത്രിയിലായിരുന്നു ഷൂട്ടിംഗ്. “കൈദി ” ക്ക് ശേഷം വീണ്ടും ഒരുപാട് നൈറ്റ്ഷൂട്ടുള്ള സിനിമയിലഭിനയിച്ചത് മറ്റൊരനുഭവമായിരുന്നുവെന്ന് കാർത്തി പറയുന്നു. തൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കം തന്നെ രാത്രിയിലായിരുന്നുവെന്ന് അരവിന്ദ് സ്വാമിയും ഓർക്കുന്നു. മണിരത്നം സാറിൻ്റെ ദളപതിയിൽ എൻ്റെ ഫസ്റ്റ് ഷോട്ടെടുത്തത് രാത്രി രണ്ട് മണിക്കായിരുന്നു”. രാജ് കിരണാണ് മെയ്യഴകനിലെ മറ്റൊരു മുഖ്യതാരം.
മസാലക്കൂട്ടുകളേതുമില്ലാതെ ഭാഷ ദേശ ഭേദങ്ങളില്ലാതെ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ 96 എന്ന പ്രണയ കാവ്യത്തിന് ശേഷം സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മെയ്യഴകൻ വെള്ളിയാഴ്ച്ച ലോകവ്യാപകമായിപ്രദർശനത്തിനെത്തുന്നു. ഒന്നിക്കാനാവാതെ പോയ കമിതാക്കൾ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയിൽ പറയാതെ പോയ പ്രണയമുയർത്തിയ ഹൃദയവ്യഥയുമാണ് 96 ൽ പ്രേംകുമാർ ആവിഷ്ക്കരിച്ചതെങ്കിൽ മെയ്യഴകൻ അപൂർവ്വചാരുതയുള്ള സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്. മെയ്യഴകൻ ഒരു നോവലായി ഒരുക്കാനായിരുന്നു പ്രേംകുമാർ ആദ്യം തീരുമാനിച്ചത്. നോവലിൻ്റെ കയ്യെഴുത്തു പ്രതി തൻ്റെ ആത്മ സ്നേഹിതനായ സംവിധായകൻ മഹേഷ് നാരായണനാണ് പ്രേംകുമാർ ആദ്യം വായിക്കാൻ നല്കിയത്. ഇത് നോവലിൽ ഒതുക്കേണ്ട പ്രമേയമല്ല സിനിമയ്ക്കാണ് കൂടുതൽ അനുയോജ്യമാകുകയെന്ന അഭിപ്രായമായിരുന്നു മഹേഷ് നാരായണന് . കയ്യെഴുത്ത് പ്രതി വായിച്ച വിജയ് സേതുപതിയും അതേ അഭിപ്രായം തന്നെ പറഞ്ഞു.